Delhi Blast  Source: X / PTI
NATIONAL

മരിച്ചത് 10 പേർ, മുപ്പതിലധികം ആളുകൾക്ക് പരിക്ക്; ഡൽഹി സ്ഫോടനത്തിന് പിന്നാലെ കേരളത്തിലുടനീളം സുരക്ഷാ പരിശോധന തുടരും

സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112ൽ വിവരം അറിയിക്കണമെന്നാണ് പൊലീസിന്റെ നിർദേശം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ മരണസംഖ്യ പത്തായി. മുപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം അറിയിച്ചു. സ്ഫോടനമുണ്ടായ ഹ്യൂണ്ടായി ഐ ട്വൻ്റി കാർ പുൽവാമ സ്വദേശിയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർ കൈമാറിയ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ തീവ്രവാദ ആക്രമണവും എക്സ്പ്ലോസീവ് ആക്ടും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്തുടനീളം ജാഗ്രത നിർദേശങ്ങൾ തുടരുകയാണ്. കേരളത്തിലുടനീളം ഇന്നലെ രാത്രി മുതൽ ആരംഭിച്ച പരിശോധന ഇന്നും തുടരും. തിരക്കുള്ള ഇടങ്ങളിൽ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം നടത്തുന്ന പരിശോധനയ്ക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷാണ് നേതൃത്വം നൽകുന്നത്.

സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112ൽ വിവരം അറിയിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് നൽകിയത്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നുളള സംയുക്ത പരിശോധന ഇന്നും വിവിധ ഇടങ്ങളിൽ തുടരും.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചത്. മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ചത് വെള്ള ഹ്യൂണ്ടായ് ഐ 20 കാറാണെന്നാണ് കണ്ടെത്തൽ. കാറിനുള്ളിൽ മൂന്ന് പേരുണ്ടായിരുന്നെന്നും സൂചനയുണ്ട്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് സ്ഫോടനമുണ്ടായത്. കാറിൻ്റെ മുൻ ഉടമ മുഹമ്മദ് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT