Image: ANI
NATIONAL

തെരഞ്ഞെടുപ്പ് വാതില്‍ക്കല്‍; അഴിമതിക്കേസില്‍ ലാലു പ്രസാദിനും കുടുംബത്തിനും തിരിച്ചടി

ലാലു പ്രസാദിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഐആര്‍ടിസി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരച്ചടി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ ഡല്‍ഹി കോടതി കുറ്റം ചുമത്തി.

ലാലു പ്രസാദിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ലാലു പ്രസാദ് റെയില്‍വെ മന്ത്രിയായിരിക്കേ ടെന്‍ഡര്‍ നടപടികള്‍ സ്വാധീനിച്ച് ഐ.ആര്‍.സി.ടി.സിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഹോട്ടലുകള്‍ സുജാത ഹോട്ടലിന് നല്‍കിയതായി കോടതി ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികളായ വിജയ്, വിനയ് കൊച്ചാര്‍ എന്നിവര്‍ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയെന്ന് അദ്ദേഹം ഉറപ്പുവരുത്തിയതായും കോടതി നിരീക്ഷിച്ചു.

കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും ലാലു പ്രസാദവും കുടുംബവും കോടതിയില്‍ പറഞ്ഞു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും പ്രകാരമാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് കുറ്റം ചുമത്തി.

2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ അഴിമതി നടന്നുവെന്നാണ് കേസ്. ബിഎന്‍ആര്‍ റാഞ്ചി, ബിഎന്‍ആര്‍ പുരി എന്നീ ഐആര്‍സിടിസി ഹോട്ടലുകളുടെ കരാര്‍ സുജാത ഹോട്ടലിന് നല്‍കി. ഇതിന്റെ പ്രതിഫലമായി ബിനാമി കമ്പനിയിലൂടെ മൂന്ന് ഏക്കര്‍ ഭൂമി ലാലുവും കുടുംബവും നേടിയെന്നാണ് സിബിഐ ആരോപണം.

2017 ലാണ് ലാലുവിനും കുടുംബത്തിനുമെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലാലുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ വാദം. ലാലു പ്രസാദ് യാദവ് മറ്റ് പ്രതികളുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നും പദവി ദുരുപയോഗം ചെയ്തുവെന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയതിന് പകരമായി ടെന്‍ഡറുകള്‍ നല്‍കുന്നതിനുമുള്ള പ്രക്രിയയെ സ്വാധീനിച്ചുവെന്നും പ്രാഥമിക അന്വേഷണ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആര്‍ജെഡിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ടുള്ള കോടതി നടപടി. ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് തേജസ്വി യാദവ്. 2025 നവംബര്‍ ആറിനും നവംബര്‍ 11നുമായി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍.

SCROLL FOR NEXT