പ്രതീകാത്മക ചിത്രം  Source: Meta AI
NATIONAL

കാലപ്പഴക്കം ചെന്ന വാഹനം ഉപയോഗിക്കുന്നവർക്ക് ആശ്വാസം; ഇന്ധനം നൽകില്ലെന്ന തീരുമാനം മരവിപ്പിച്ച് ഡൽഹി സർക്കാർ

പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്.

Author : ന്യൂസ് ഡെസ്ക്

കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം മരവിപ്പിച്ച് ഡൽഹി സർക്കാർ. നിലവിലെ തീരുമാനം റദ്ദാക്കുമെന്നും പുതിയ നയം നടപ്പിലാക്കിമെന്നും സർക്കാർ അറിയിച്ചു. പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്.

കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രക്കുകൾ, എന്നിങ്ങനെ 62 ലക്ഷത്തിലധികം വാഹനങ്ങളെയാണ് ഉത്തരവ് ബാധിച്ചത്. ഇതിനെ തുടർന്ന് ജനവികാരം ശക്തമാകുകയും പ്രതിഷേധങ്ങൾ ഉയർന്നതിൻ്റെ ഭാഗമായി സർക്കാർ തീരുമാനം മരവിപ്പിക്കുകയുമാണ് ചെയ്തത്.

പതിനഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും, 10 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് ജൂലൈ ഒന്നുമുതല്‍ ഇന്ധനം നൽകില്ലെന്നായിരുന്നു സർക്കാരിൻ്റെ ഉത്തരവ്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെൻ്റ് ആണ് എൻഡ്-ഓഫ്-ലൈഫ് (ഇഒഎല്‍) വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചത്.

ഡൽഹിയിൽ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങളുണ്ടെന്ന് ഡാറ്റ പുറത്തുവന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാദേശിക മലിനീകരണത്തിൻ്റെ 50 ശതമാനത്തിലധികവും ഇത്തരം വാഹനങ്ങളിൽ നിന്നാണെന്നും ഡാറ്റയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ധന നിരോധനം സാങ്കേതിക വെല്ലുവിളികളും സങ്കീർണ്ണമായ സംവിധാനങ്ങളും കാരണം നടപ്പിലാക്കാൻ പ്രയാസമുള്ള ഒന്നാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പഴക്കം ചെന്ന കാറുകളും മോട്ടോർ സൈക്കിളുകളും ഇപയോഗിക്കുന്ന ആളുകളെ ശിക്ഷിക്കുന്നതിനുപകരം, പകരം ഇത്തരം വാഹനങ്ങളെ മോശമായി പരിപാലിക്കുന്നവരിൽ നിന്നും അത് പിടിച്ചെടുക്കാൻ ഉതകുന്ന സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വാഹനങ്ങളുടെ പഴക്കം നോക്കിയല്ല, മലിനീകരണ നില നോക്കിയായിരിക്കണം വാഹനങ്ങൾ നിരോധിക്കേണ്ടത്" എന്ന് ബിജെപി എംപി പർവേഷ് വർമ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇന്ധന പമ്പുകളിൽ ഈ നിയമം നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സർക്കാരിൽ നിന്നും സിഎക്യുഎമ്മിൽ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് മിനി പുഷ്‌കർണ ഇരു കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും സെപ്റ്റംബറിൽ വാദം കേൾക്കാൻ കേസ് ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT