NATIONAL

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ സൗജന്യ പാചക വാതക സിലിണ്ടര്‍; 300 കോടി രൂപ നീക്കിവച്ച് ഡല്‍ഹി സര്‍ക്കാര്‍

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

Author : കവിത രേണുക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ സൗജന്യ എല്‍പിജി ഗ്യാസ് വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. വര്‍ഷത്തില്‍ ഹോളി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഓരോ സൗജന്യ സിലിണ്ടര്‍ വീതം നല്‍കുക. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ 300 കോടി രൂപ അനുവദിച്ചു.

അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ ഹോളി മുതല്‍ ഒരു എല്‍പിജി സിലിണ്ടറിന്റെ വിലയ്ക്ക് തുല്യമായ സാമ്പത്തിക സഹായം ലഭിക്കും. സിലിണ്ടറിന്റെ തുക ഗുണഭോക്താക്കളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പദ്ധതി. രണ്ട് തവണ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വീട്ടുപടിക്കല്‍ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തതുല്യമായ തുക അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആയിരക്കണക്കിന് പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

SCROLL FOR NEXT