ഡൽഹി: പൊലീസ് സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന 1.60 കോടി രൂപ വിലമതിക്കുന്ന തൊണ്ടിമുതലായ സ്വർണ്ണം കവർന്ന് പണയം വെച്ചതിന് ശേഷം, സ്വന്തം തിരോധാനം നാടകീയമായി ആസൂത്രണം ചെയ്ത പൊലീസുകാരനെ ഡൽഹി പൊലിസ് പിടികൂടി. ഷഹീൻ ബാഗ് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ സന്ദീപ്‌കുമാറാണ് പിടിയിലായത്. ഇയാൾ പണയം വച്ച മുഴുവൻ സ്വർണവും പൊലീസ് സംഘം കണ്ടെടുത്തു.
നവംബർ 12ന് സന്ദീപിൻ്റെ സഹോദരൻ സർജീത്, അമർ കോളനി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. അമർ കോളനി സ്റ്റേഷനിലെ ബാരക്കിൽ താമസിച്ചിരുന്ന സന്ദീപിനെ നവംബർ മൂന്ന് മുതൽ കാണാനില്ലെന്നായിരുന്നു പരാതി. സ്റ്റേഷൻ രേഖകൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 29 മുതൽ സന്ദീപ് ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും ഇയാളുടെ കാർ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും വ്യക്തമായി.
സന്ദീപിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകമെന്ന കുടുംബത്തിൻ്റെ ആശങ്കയെ തുടർന്ന് നവംബർ 13 ന് തട്ടികൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായ പോലീസുകാരനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ അമർ കോളനി സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സന്ദീപ് രഹസ്യമായി സ്റ്റേഷനിൽ വന്നുപോകുന്ന ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞിരുന്നു. തൊണ്ടിമുതലുകൾ കൈകാര്യം ചെയ്യുന്ന ദിവസങ്ങളിലായിരുന്നു ഈ സന്ദർശനങ്ങളെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.
ഇതോടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അമർ കോളനി സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന ലോക്കറിൽ അടിയന്തര പരിശോധന നടത്തി. വിവിധ ക്രിമിനൽ കേസുകളിൽ പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം ഇവിടെ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഷഹീൻ ബാഗിലേക്ക് സ്ഥലം മാറുന്നതിന് മുൻപ് അമർ കോളനി സ്റ്റേഷനിലെ മൽഖാനയുടെ ചുമതലക്കാരനായിരുന്നു സന്ദീപ്. ലോക്കറിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള കൃത്യമായ അറിവാണ് മോഷണത്തിന് ഇയാളെ സഹായിച്ചത്.
സ്വന്തം സേനയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിയെന്ന് വ്യക്തമായതോടെ ഡൽഹി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. മൊബൈൽ ലൊക്കേഷൻ ട്രാക്കിംഗിലൂടെയും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും ഡൽഹിയിലെ ഒരു ഒളിത്താവളത്തിൽ നിന്ന് സന്ദീപിനെ പൊലിസ് പിടികൂടി.
ചോദ്യംചെയ്യലിൽ മോഷ്ടിച്ച സ്വർണം പണത്തിനായ് പ്രാദേശിക പണമിടപാടികാർക്ക് പണയം വച്ചതായി സന്ദീപ് സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പണമിടപാട് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 1.60 കോടി രൂപ വിലമതിക്കുന്ന മുഴുവൻ സ്വർണവും പൊലീസ് വീണ്ടെടുത്തു. സേനയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അതീവ ഗൗരവത്തോടെയും വേഗത്തിലുമാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.