ഡൽഹിയില്‍ കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം വന്‍ പ്രതിസന്ധിയില്‍. മേഖലയിലുടനീളമുള്ള റോഡ്, റെയിൽ, ഗതാഗത സർവീസുകളെയും മൂടല്‍ മഞ്ഞ് ബാധിച്ചു.148 വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. 227 വിമാനങ്ങൾ വൈകി ഓടുന്നു. യാത്ര തിരിക്കുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്.
താപനില 8 ഡിഗ്രിയിലും താഴെ എത്തിയതോടെ പലയിടങ്ങളിലും കാഴ്ച പരിധി 50 മീറ്ററിൽ താഴെയെത്തി. 18 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.മൂടല്‍ മഞ്ഞിനൊപ്പം ശീതക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരുന്ന ആഴ്ചയും സമാന സ്ഥിതിയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്നൌ, അമൃത്സർ, നോയിഡ ,ഗാസിയാബാദ് തുടങ്ങിയ ഇടങ്ങളിലും കനത്ത മൂടൽ മഞ്ഞ് തുടരുകയാണ്.