രാജ്യത്തെ നടുക്കിയ വിമാനദുരന്തം, ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ; പ്രതിസന്ധികളില്‍ വലഞ്ഞ വ്യോമയാന മേഖല

ഇന്ത്യ-പാക് സംഘര്‍ഷവും, നയതന്ത്രബന്ധത്തിലെ ഉലച്ചിലും ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായിരുന്നു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തം, ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ; പ്രതിസന്ധികളില്‍ വലഞ്ഞ വ്യോമയാന മേഖല
Published on
Updated on

ഇന്ത്യന്‍ വ്യോമയാന മേഖല സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് 2025ല്‍ കടന്നുപോയത്. 260 പേരുടെ മരണത്തിന് കാരണമായ എയര്‍ ഇന്ത്യ വിമാനാപകടവും, ഇന്‍ഡിഗോ സര്‍വീസുകളുടെ കൂട്ട റദ്ദാക്കലും തുടങ്ങി ഏവിയേഷന്‍ ടർബൈൻ ഇന്ധന വില വര്‍ധന വരെ നീളുന്നു വ്യോമയാന മേഖലയിലെ പ്രതിസന്ധികള്‍.

എയര്‍ ഇന്ത്യ വിമാനദുരന്തം

ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തം. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫിനു തൊട്ടുപിന്നാലെ, പറന്നുയരാന്‍ സാധിക്കാതെ വിമാനം സമീപത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഹോസ്റ്റലിലെ 19 പേരും വിമാനത്തിലെ 241 പേരും ഉള്‍പ്പെടെ 260 പേര്‍ മരിച്ചു. ആകെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ബോയിങ് ഡ്രീം ലൈനര്‍ വിമാനം സമഗ്ര പരിശോധന, ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം, അപകട കാരണം കണ്ടെത്താന്‍ അന്വേഷണം.. ദുരന്തത്തിനു പിന്നാലെ പതിവു നടപടികള്‍ അരങ്ങേറി. പക്ഷേ, ആറു മാസം കഴിഞ്ഞിട്ടും അപകടകാരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. ജൂലൈയിൽ ഇന്ത്യന്‍ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇടക്കാല റിപ്പോർട്ട് പുറത്തുവിട്ടു. വിമാനത്തിന്റെ സാധ്യമായ തകരാറിനെക്കുറിച്ചൊന്നും പറയാതെ കുറ്റമത്രയും പൈലറ്റുമാരിലേക്ക് മാത്രമായി ചുമത്തുന്ന റിപ്പോര്‍ട്ടിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ലിഫ്റ്റോഫിനു മൂന്ന് സെക്കന്‍ഡിനു ശേഷം ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ RUNല്‍നിന്ന് CUTOFFലേക്ക് മാറിയതിനാല്‍ രണ്ട് എന്‍ജിനുകളിലെയും ത്രസ്റ്റ് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ഫ്ലൈറ്റ് റെക്കോഡര്‍ വിവരങ്ങളെ അധികരിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ സ്വിച്ച് എങ്ങനെ മാറി എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടിലൊന്നും പറയുന്നില്ല. അപ്പോഴും ഇതൊന്നും അന്തിമ റിപ്പോര്‍ട്ട് അല്ല എന്നതാണ് വസ്തുത. അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യത്തെ നടുക്കിയ വിമാനദുരന്തം, ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ; പ്രതിസന്ധികളില്‍ വലഞ്ഞ വ്യോമയാന മേഖല
11,000 വര്‍ഷം പഴക്കമുള്ള രഹസ്യങ്ങള്‍! 2025-ലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങള്‍

ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ

ആഭ്യന്തര വിമാന സർവീസുകളുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്ന ഇൻഡിഗോയുടെ പ്രവര്‍ത്തന പാളിച്ചയാണ് പോയവര്‍ഷത്തെ മറ്റൊരു പ്രധാന വാര്‍ത്ത. പരിഷ്കരിച്ച ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങൾ അവതരിപ്പിച്ചതോടെ, ജീവനക്കാരുടെ, പ്രത്യേകിച്ച് പൈലറ്റുമാരുടെ അഭാവം ഇന്‍ഡിഗോയെ സാരമായി ബാധിച്ചു. അയ്യായിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കാന്‍ ഇത് കാരണമായി. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ, ഡിസംബര്‍ ആദ്യം ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. വിമാന നിരക്ക് 10 ഇരട്ടിയോളം വര്‍ധിക്കുകയും ചെയ്തതോടെ, ഏറെപേര്‍ക്കും ബദല്‍ മാര്‍ഗം തേടാനുമായില്ല.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പുതിയ ചട്ടങ്ങൾ അനുസരിച്ച്, പൈലറ്റ് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് മതിയായ വിശ്രമസമയം അനുവദിക്കുകയും രാത്രി ലാന്‍ഡിങ്ങുകള്‍ കുറയ്ക്കുകയും വേണം. ഇത്തരമൊരു സാഹചര്യം നേരിടാന്‍ പ്രതീക്ഷിച്ചതിലധികം പൈലറ്റുമാരെ ഇന്‍ഡിഗോയ്ക്ക് ആവശ്യമായിരുന്നു. ഇതാണ് സര്‍വീസ് താളംതെറ്റാന്‍ കാരണമായത്. പരിഷ്കരിച്ച ചട്ടത്തിലെ അവധി സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചതിനെത്തുടർന്നാണ് ഇൻഡിഗോ പ്രവർത്തനങ്ങൾ പൂര്‍വസ്ഥിതിയിലായത്. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു. സമിതി ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്.

രാജ്യത്തെ നടുക്കിയ വിമാനദുരന്തം, ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ; പ്രതിസന്ധികളില്‍ വലഞ്ഞ വ്യോമയാന മേഖല
ഐസിസി കിരീടങ്ങൾ തേടി വന്ന വർഷം; ഇന്ത്യൻ ക്രിക്കറ്റിന് കരുത്താകുന്ന യുവതാരങ്ങളുടെ പട്ടാഭിഷേകം

ഇന്ധന വില വര്‍ധന, നഷ്ടം

നവംബറില്‍ ഏവിയേഷന്‍ ടർബൈൻ ഇന്ധന (ATF) വില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വര്‍ധിച്ചിരുന്നു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 30-40 ശതമാനം ഇന്ധന വിലയാണ്. വില ഉയരുന്നത് വിമാനക്കമ്പനികളെ ആശങ്കയിലാക്കിയിരുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത്, ദീര്‍ഘകാല ഡോളര്‍ കരാറിന്റെ ഭാഗമായി വിമാനങ്ങള്‍ ലീസിനെടുത്ത കമ്പനികള്‍ക്കും തിരിച്ചടിയാകുന്നുണ്ട്.

ഇന്ത്യ-പാക് സംഘര്‍ഷവും, നയതന്ത്രബന്ധത്തിലെ ഉലച്ചിലും ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. 2025 ഏപ്രിൽ മുതൽ പാകിസ്ഥാന് മുകളിലൂടെയുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇതിലൂടെ 4,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് എയർ ഇന്ത്യ ഒക്ടോബറിൽ അറിയിച്ചത്.

രാജ്യത്തെ നടുക്കിയ വിമാനദുരന്തം, ഇൻഡിഗോയുടെ കൂട്ട റദ്ദാക്കൽ; പ്രതിസന്ധികളില്‍ വലഞ്ഞ വ്യോമയാന മേഖല
മനം മരവിപ്പിക്കും ക്രൂരത... 2025ൽ കേരളത്തെ നടുക്കിയ കൊലപാതകങ്ങൾ

ഇന്ധന വില വര്‍ധന, യന്ത്രത്തകരാര്‍, സര്‍വീസ് റദ്ദാക്കല്‍ എന്നിങ്ങനെ പ്രശ്നങ്ങള്‍ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ടനുസരിച്ച്, 2024 സാമ്പത്തികവര്‍ഷം 924 കോടി രൂപയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം. 2024-25ല്‍ അത് 5,290 കോടി രൂപയായി വര്‍ധിച്ചു. 2026ല്‍ അത് 9,500-10,500 കോടി രൂപ ആയേക്കാമെന്നും ഐസിആര്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇടിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതും മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് രണ്ടാമത്തെ വിമാനത്താവളം ലഭിച്ചതും വ്യോമയാന മേഖലയ്ക്ക് പുതിയ കുതിപ്പായി. ആകാശ് എയര്‍, ശംഖ് എയര്‍, അല്‍ ഹിന്ദ് എയര്‍, ഫ്ലൈ എക്സ്പ്രസ് എന്നിവയും പുതിയ പ്രതീക്ഷകളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com