NATIONAL

കനത്ത മഴ; ഡൽഹിയിൽ മതിലിടിഞ്ഞ് രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കനത്ത മഴയിൽ ജയ്ത്പൂരിൽ മതിലിടിഞ്ഞ് അപകടം. രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂരിലെ ഹരി നഗർ പ്രദേശത്ത് അതിർത്തി മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ഡൽഹി പൊലീസിന്റെ കണക്കനുസരിച്ച് 100 അടി നീളമുള്ള മതിൽ സമീപത്തുള്ള കുടിലുകൾക്ക് മേലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. എട്ടുപേരായിരുന്നു അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മഴയെ തുടർന്നാണ് മതിൽ തകർന്നത്. രക്ഷാപ്രവർത്തനങ്ങൽ പുരോ​ഗമിക്കുകയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തുവെന്നും അഡീഷണൽ ഡിസിപി ഐശ്വര്യ ശർമ്മ പറഞ്ഞു.

SCROLL FOR NEXT