ഹരിയാന: ഗുരുഗ്രാമിൽ ബോഡി ഷെയ്മിങിന്റെ പേരിൽ യുവാവിനെ കൊന്ന് സുഹൃത്തുക്കൾ. കർണ് (20) എന്ന യുവാവാണ് മരിച്ചത്. യുവാവിനെ കൊന്ന ശേഷം മൃതദേഹം ഗുരുഗ്രാം സ്കൂൾ കോമ്പൗണ്ടിലെ ശുചിമുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്തുക്കളായ ആകാശ്, ശിവകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മെലിഞ്ഞ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ മൊഴി നൽകി. കത്രിക കൊണ്ട് കുത്തിയും കല്ലുകൊണ്ട് അടിച്ചുമാണ് പ്രതികൾ കർണിനെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് നാലിന് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിലെ ഒരു അധ്യാപകനാണ് ആദ്യം അഴുകിയ മൃതദേഹം കണ്ടെത്.
ജൂലൈ 2, 3 തീയതികളിൽ രാത്രിയിൽ സ്കൂളിൽ പ്രവേശിച്ചതായി പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. എന്നാൽ എന്തിനാണ് സ്കൂളിൽ പ്രവേശിച്ചത് എന്നതിൻ്റെ കാരണം വ്യക്തമല്ല. ഈ സമയത്ത് കർണ് രണ്ട് പ്രതികളെയും അപമാനിച്ചുവെന്നും പരിഹാസങ്ങളിൽ പ്രകോപിതനായ പ്രതികളിൽ ഒരാൾ ഒരു കല്ലെടുത്ത് ഇയാളെ അടിക്കുകയും, മറ്റേ പ്രതി കത്രിക ആക്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് മൃതദേഹം സ്കൂളിലെ ശുചിമുറിയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും ഓടി രക്ഷപ്പെട്ടു. മൃതദേഹം അഴുകാൻ തുടങ്ങിയതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നുവെന്നും കൊലപാതകത്തിന് ഉപയോഗിച്ച കല്ലും കത്രികയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പ്രതികൾ റിമാൻഡിലാണ്.