ഡി.കെ. ശിവകുമാർ Source: Facebook
NATIONAL

"നമസ്തേ സദാ വത്സലേ മാതൃഭൂമേ"; നിയമസഭയിൽ ആർഎസ്എസ് ഗണഗീതം ചൊല്ലി ഡി.കെ. ശിവകുമാർ

വലിയ വിവാദമായ സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: നിയമസഭയിൽ ആർഎസ്എസ് ഗണഗീതം ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആർഎസ്എസ് ശാഖകളിൽ ചൊല്ലിവരുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന് തുടങ്ങുന്ന ഗണഗീതത്തിൻ്റെ വരികളാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് നിയമസഭയിൽ ചൊല്ലിയത്. താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും ആർഎസ്എസിനെക്കുറിച്ചും താൻ ആഴത്തിൽ പഠിച്ചിട്ടുണ്ടെന്ന് ബിജെപിയെ ബോധ്യപ്പെടുത്താനാണ് ഗണഗീതം പാടിയതെന്നും ശിവകുമാർ വിശദീകരിച്ചു. വലിയ വിവാദമായ സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ, വ്യാഴാഴ്ചയാണ് ഡി.കെ. ശിവകുമാർ ആര്‍എസ്എസിന്റെ ഗണഗീതം ചൊല്ലിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ ബെംഗളൂരുവിലെ രാജാജിനഗർ ഏരിയയിലെ ആർഎസ്എസ് ശാഖകളിൽ പങ്കെടുത്തിരുന്നതായി ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് 'ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു' എന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക പരിഹസിച്ചു. ഇതിന് മറുപടിയായി ആര്‍എസ്എസിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഡി.കെ. ശിവകുമാർ ഗണഗീതി ചൊല്ലിയത്.

എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെ താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തെത്തി. " എന്റെ രക്തം, എന്റെ ജീവിതം, എല്ലാം കോൺഗ്രസിനാണ്. കർണാടകയിൽ ആർ‌എസ്‌എസ് സ്ഥാപനങ്ങൾ നിർമിക്കുന്നതും സ്‌കൂളുകൾ സ്വന്തമാക്കുന്നതും എങ്ങനെയെന്ന് എനിക്കറിയാം. ഞാൻ ഒരു കോൺഗ്രസുകാരനാണ്, എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാൻ കോൺഗ്രസിനെ നയിക്കും," ശിവകുമാർ പറഞ്ഞു.

ആർഎസ്എസിൻ്റെ ഏറ്റവും ശക്തമായ വിമർശകരായ കോൺഗ്രസിലെ ഒരു നേതാവ്, അവരുടെ തന്നെ ഗാനം പാടുന്നതിനെ ചൊല്ലിയായിരുന്നു വിമർശനം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിൽ വലിയ വിമർശനമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണോ എന്നായിരുന്നു ബിജെപി പരിഹാസം.

SCROLL FOR NEXT