ധർമസ്ഥല - പരിശോധന Source; X
NATIONAL

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: പ്രത്യേക അന്വേഷണ സംഘത്തോട് കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കര്‍ണാടക സര്‍ക്കാര്‍

നിയമസഭയില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതിനിടയില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം

Author : ന്യൂസ് ഡെസ്ക്

ധര്‍മസ്ഥലയിലെ കൂട്ടക്കുഴിമാട കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കര്‍ണാടക സര്‍ക്കാര്‍. ക്ഷേത്ര വിശ്വാസികള്‍ സര്‍ക്കാരിനെതിരെ സമരപരിപാടികളുമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്.

നിയമസഭയില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതിനിടയില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം. ധര്‍മസ്ഥലയിലെ സ്‌നാന ഘട്ടത്തിന് സമീപത്തു നിന്നും നിരവധി മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടും അന്വേഷണം എങ്ങും എത്തിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

കേസിലെ സാക്ഷി പറഞ്ഞ ഇടങ്ങളിലെല്ലാം മാറിമാറി കുഴിയെടുത്തതിന് പിന്നാലെ ചില അസ്ഥിഭാഗങ്ങള്‍ ലഭിക്കുകയും അത് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ മരിച്ചത് ആരാണെന്നോ എങ്ങനെ മരിച്ചു എന്നതിലോ വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ബ്ലാക്ക് മാജിക്കിന് കേസുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതിനും തെളിവുകള്‍ ലഭിച്ചില്ല.

സൗജന്യ കേസ് ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും ഇതും എങ്ങും എത്തിയില്ല. അതിനിടെ വാദി പ്രതിയാകുകയും പ്രധാന സാക്ഷിക്കെതിരെ കേസെടുക്കുകയും ചെയ്തു. പരാതിയുമായി എത്തിയ ചിലര്‍ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തിനെതിരെ സമരവുമായി എത്തിയ സംഘടനകളുടെ നേതാക്കളെ നാടുകടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിനിടയിലാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

എന്താണ് ധര്‍മസ്ഥലയില്‍ സംഭവിച്ചത്, പരാതിക്ക് അടിസ്ഥാനം എന്തായിരുന്നു, ഇതുവരെ ലഭിച്ച മൃതദേഹങ്ങള്‍ ആരുടേതാണ്, പരാതിയില്‍ ഉള്ളതുപോലെ മൃതദേഹവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടേതാണോ, തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്ന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘ ഉദ്യോഗസ്ഥര്‍ യോഗം ചേരുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇത് ഉടന്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറും.

SCROLL FOR NEXT