കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കു വേണ്ടി സീറ്റ് ഒഴിയാന്‍ യൂസുഫ് പഠാനോട് ആവശ്യപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് സൗരവ് ഗാംഗുലി. ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്താന്‍ മമതാ ബാനര്‍ജി ശ്രമം നടത്തുന്നതായിട്ടായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനായി സൗരവ് ഗാംഗുലിയെ ഉപയോഗിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍.
ലോക്‌സഭാ എംപിയായ യൂസുഫ് പഠാന്‍ സ്ഥാനമൊഴിഞ്ഞ് ആ സീറ്റില്‍ മത്സരിച്ച് ജയിച്ച് ലോക്‌സഭയില്‍ എത്താന്‍ മമതാ ബാനര്‍ജി പദ്ധതിയിട്ടു. എംപി സ്ഥാനം രാജിവെക്കാന്‍ യൂസുഫ് പഠാനോട് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു എന്നുമായിരുന്നു വാര്‍ത്ത. ബഹറാംപൂരില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് യൂസുഫ് പഠാന്‍.
ഇത്തരം വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് സൗരവ് ഗാംഗുലിയും യൂസുഫ് പഠാനും പ്രതികരിച്ചു. ബംഗാള്‍ ദിനപത്രത്തിലാണ് വാര്‍ത്ത ആദ്യം വന്നത്. ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ മമതയുടെ പുതിയ നീക്കം എന്ന രീതിയിലായിരുന്നു വാര്‍ത്ത. യൂസുഫ് പഠാന് മുന്നില്‍ സൗരവ് ഗാംഗുലിയെ മമത ദൂതനായി അയച്ചു. എന്നാല്‍, മമതയുടെ ആവശ്യം യൂസുഫ് പഠാന്‍ അംഗീകരിച്ചില്ല എന്നുമായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
വാര്‍ത്ത നിഷേധിച്ചുള്ള സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ, "മമതാ ബാനര്‍ജിക്കു വേണ്ടി യൂസുഫ് പഠാനെ ഞാന്‍ ബന്ധപ്പെട്ടുവെന്നും, സീറ്റില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഈ ആവശ്യം പഠാന്‍ അംഗീകരിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അസത്യമാണ്".
യൂസുഫ് പഠാനോട് രാജിവെക്കാനോ മറ്റെന്തെങ്കിലും ആവശ്യപ്പെടാനോ ഒരിക്കലും മമതാ ബാനര്‍ജി തന്നെ ചുമതലപ്പെടുത്തുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇത്തരം ആവശ്യങ്ങളുമായി ഒരിക്കല്‍ പോലും യൂസുഫ് പഠാനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്ത നിഷേധിച്ച് യൂസുഫ് പഠാനും രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജി ഒരിക്കല്‍ പോലും ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. മമതാ ബാനര്‍ജിയോ മറ്റേന്തെങ്കിലും പാര്‍ട്ടി നേതാവോ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും യൂസുഫ് പഠാന്‍ വ്യക്തമാക്കി.