ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ രാജ്യസഭയിലും വാക്പോര്. പി. സന്തോഷ് കുമാർ എംപിയും ജയറാം രമേശും തമ്മിൽ വാക്‌പോരുണ്ടായി. രാഹുലിനെ കോൺഗ്രസ് സംരക്ഷിക്കുന്നെന്ന് പി.സന്തോഷ് കുമാർ ആരോപിച്ചു. ഇടത് പാർട്ടികളുടെ ജനപ്രതിനിധികളും ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പറഞ്ഞായിരുന്നു ജയറാം രമേശ് തിരിച്ചടിച്ചത്.
രാഷ്ട്രീയ പാർട്ടികളും മാർഗ രേഖ ഉണ്ടാക്കി ഇത്തരം ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പി. സന്തോഷ് കുമാർ രാജ്യസഭയിൽ പറഞ്ഞത്. കേരളത്തിലും ഇത്തരം കേസുകൾ നടക്കുന്നുണ്ട്. നടപടി എടുക്കാൻ ഒരുപാട് കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നെന്നും എംപി പറഞ്ഞു.
സന്തോഷ് കുമാറിൻ്റെ പ്രസംഗത്തിനിടെ ഇത്തരം കേസുകളുള്ള ഇടതുനേതാക്കളുടെ പേര് പറയട്ടെ എന്ന് ചോദിച്ചുകൊണ്ട് ജയറാം രമേശും, ജെബി മേത്തറും ഇടപെട്ടു. എന്നാൽ ഇങ്ങനെയൊരു കേസിൽ പെട്ട ഒരു സിപിഐ നേതാവിൻ്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകുമെന്നായിരുന്നു ജയറാം രമേശിന് സന്തോഷ് കുമാർ നൽകിയ മറുപടി. മലയാളം പത്രം വയ്ക്കുന്നവർക്കും, വാർത്ത ചാനലുകൾ കാണുന്നവർക്കും കര്യങ്ങൾ അറിയാമെന്നും പി. സന്തോഷ് കുമാർ പറഞ്ഞു.
ജെബി മേത്തർ വനിതകൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബിൽ സഭയിൽ അവതരിപ്പിച്ചു. എന്നാൽ കേരളത്തിൽ മൗനം പാലിച്ചുകൊണ്ടാണ് ഇവിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. ജെബി മേത്തറിൻ്റെ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.