ഡൽഹി: ദീപാവലി നിറവിൽ പ്രകാശപൂരിതമായി രാജ്യം. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തേയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയും ആഘോഷമാക്കുകയാണ് ഇന്ത്യക്കാർ. ദീപാവലി സമ്പത്തിൻ്റേയും സമൃദ്ധിയുടെയും ഉത്സവമാണ്. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതു പോലെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് വിശ്വാസം. അഞ്ച് ദിവസങ്ങളിലായാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
പടക്കം പൊട്ടിച്ചും മധുരം നൽകിയും ഉത്തരേന്ത്യയിലും ദീപാവലി ആഘോഷം പൊടിപൊടിക്കുകയാണ്. വായു മലിനീകരണം രൂക്ഷമായതോടെ ഹരിത പടക്കങ്ങൾ ഉപയോഗിച്ചാണ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്. ഇക്കുറി കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണി സജീവമാണ്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു.
അതേസമയം, അയോധ്യയിൽ ഇന്നലെ നടന്ന ദീപോത്സവം ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് സരയൂ നദീതീരത്ത് 26 ലക്ഷം ദീപങ്ങളാണ് കൊളുത്തിയത്. സരയൂ നദീതീരത്ത് കഴിഞ്ഞ ദിവസം നടത്തിയ ആരതിക്കും ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു.
രണ്ട് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റുകളും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റുവാങ്ങി. ആഘോഷങ്ങളുടെ ഭാഗമായി ഡ്രോൺ ഷോകളും മറ്റു സാംസ്കാരിക പരിപാടികളും അരങ്ങേറി.