

ഡല്‍ഹി: ദീപാവലി അടുത്തിരിക്കെ രാജ്യ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തില്‍ 'ജിആര്‍എപി 2' പ്രകാരമുള്ള മലിനീകരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ സീസണില്‍ ഒക്ടോബര്‍ 14ന് ആദ്യമായി 'ജിആര്‍എപി 1' പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.
ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക താഴ്ന്നതായും അത് കൂടുതല്‍ വഷളാവുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും കേന്ദ്ര മലിനീകരണ വിരുദ്ധ പാനലായ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.
"ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രാവിലെ മുതല്‍ മോശമായി വരുന്ന പ്രവണതയാണ് കാണിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് 296 എക്യുഐയും, ഏഴിന് 302 എക്യുഐയും രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ എക്യുഐ കൂടുതല്‍ മോശമാകാനാണ് സാധ്യത," ഉത്തരവില്‍ പറയുന്നു.
'ജിആര്‍എപി 2' പ്രകാരം ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ കല്‍ക്കരി, ഡീസല്‍ ജനറേറ്റര്‍, വിറക് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊടി മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിനായി റോഡുകളില്‍ വെള്ളം തളിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ദീപാവലിക്ക് പിന്നാലെ വായു മലിനീകരണം വര്‍ധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.