2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ. യുഎസില്‍ വരെ ബിജെപിക്ക് ഭരണം പിടിക്കാനുള്ള സാധ്യതയുണ്ടാകും. പക്ഷെ തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്നാണ് ഡിഎംകെയുടെ വക്താവ് ഡോ. സെയ്ദ് ഹഫീസുള്ള പറഞ്ഞത്.
അമിത് ഷാ ഉന്നയിച്ച 39,000 കോടി രൂപയുടെ അഴിമതി ആരോപണ വിഷയത്തില്‍ ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നതെന്നും ഹഫീസുള്ള ആരോപിച്ചു.
തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വ സ്ഥാനത്ത് നിന്ന് കെ അണ്ണാമലൈയെ മാറ്റി നൈനാര്‍ നാഗേന്ദ്രനെ ചുമതലപ്പെടുത്തിയ ശേഷം രണ്ടാം തവണയാണ് അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുന്നത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും ബംഗാളിലും ബിജെപി അധികാരത്തില്‍ വരുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മധുരയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
അഴിമതി നിറഞ്ഞ ഡിഎംകെ ഭരണത്തെ പുറത്താക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കൂടാതെ 2026 ല്‍ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. തന്റെ കണ്ണുകളും കാതുകളും തമിഴ്നാട്ടിലാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഡിഎംകെ സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ 10% പോലും പാലിച്ചിട്ടില്ല. വ്യാജ മദ്യ മരണങ്ങള്‍ മുതല്‍ ടാസ്മാക്കിലെ 39,000 കോടി രൂപയുടെ അഴിമതി വരെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. ഡിഎംകെ സര്‍ക്കാര്‍ 100% പരാജയപ്പെട്ട സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നും അമിത് ഷാ ആരോപിച്ചു. മോദിയുടെ ഫണ്ടുകള്‍ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. ഫണ്ടുകള്‍ ഡിഎംകെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒഡീഷയിലെ വിജയം, ഹരിയാനയില്‍ ഭരണം നിലനിര്‍ത്തല്‍, 26 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അധികാരം തിരിച്ചുപിടിക്കല്‍ തുടങ്ങിയ ബിജെപിയുടെ സമീപകാല തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അമിത് ഷാ എടുത്തു പറഞ്ഞു.