ചെന്നൈ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത പരിഹസവുമായി ഡിഎംകെ. തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ ഡിഎംകെ സഖ്യം വിട്ട് ടിവികെയോടൊപ്പം ചേർന്നതുൾപ്പെടെ പരാമർശിച്ചാണ് പരിഹാസം. പ്രതിപക്ഷ ഐക്യം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും, അദ്ദേഹം രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ വിമർശിച്ചു. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ഡിഎംകെ പരിഹസിച്ചത്.
കോൺഗ്രസിന്റെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നുവെന്നാണ് മുരശൊലിയുടെ എഡിറ്റോറിയയിൽ പറയുന്നത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നു. ബിജെപിയെ നേരിടുന്നതിനേക്കാൾ കോൺഗ്രസിന് താല്പര്യം സ്വന്തം സഖ്യകക്ഷികളെ ലക്ഷ്യമിടുന്നതിലാണോ എന്ന് ചോദിക്കാൻ ഇടത് നേതാക്കളെ പ്രേരിപ്പിച്ചുവെന്നും എഡിറ്റോറിയലിൽ പറയുന്നു
"രാഷ്ട്രീയ നിലനിൽപ്പിനായി പോരാടുമ്പോൾ കോൺഗ്രസിനെ ഞങ്ങൾ ചുമലിൽ എടുത്തു. എന്നാൽ തിളങ്ങുന്ന കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ അവർ മറുപക്ഷത്തേക്ക് കുതിച്ചു ചാടുകയായിരുന്നു" എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി അഞ്ച് നിയമസഭാ സീറ്റുകൾ നേടിയ കോൺഗ്രസ്, പിന്നീട് സഖ്യം ഉപേക്ഷിച്ച് വിജയ് നയിക്കുന്ന ടിവികെ സർക്കാരിൽ സഖ്യ പങ്കാളിയായി ചേരുകയായിരുന്നു.
തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റത്തെ ‘വഞ്ചന’യായാണ് ഡിഎംകെ കാണുന്നത്. ‘അമൃതിന് പകരം വിഷം’ കുടയുന്ന സമീപനമാണ് രാഹുൽ സ്വീകരിക്കുന്നുവെന്നും, ഡിഎംകെയുടെ പിന്തുണയോടെ ജയിച്ച ശേഷം മറ്റൊരു പക്ഷത്തേക്ക് കൂറുമാറിയത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അറിവോടെയാണെന്ന് മുരശൊലി ആരോപിക്കുന്നു.കോൺഗ്രസ് ടിവികെയോടൊപ്പം ചേർന്നതോടെ ഡിഎംകെ ഇന്ത്യാ സഖ്യത്തിൽ സഹകരിക്കാതെ നിൽക്കുകയാണ്.