തമിഴ്നാടിൻ്റെ വിജയമെന്ന് എം.കെ. സ്റ്റാലിൻ 
NATIONAL

മണ്ഡല പുനർ നിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; തമിഴ്നാടിൻ്റെ വിജയമെന്ന് എം.കെ. സ്റ്റാലിൻ

സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്രസർക്കാരിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ അറിയിച്ചു. തമിഴ്‌നാടിന് 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേർത്തു.

പുതുക്കിയ ബിൽ തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും സംസ്ഥാനത്തിൻ്റെ മൂന്ന് വർഷത്തെ പോരാട്ടത്തിൻ്റെ വലിയ വിജയമാണെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ഈമാസം 30ന് ചേരുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി ചെന്നൈയിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം.

പുതിയ ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം കുറയുകയും ചെയ്യുമെന്നായിരുന്നു ഡിഎംകെയുടെ ആശങ്ക. എന്നാൽ പുതുക്കിയ നിർദേശത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ 50 ശതമാനം സീറ്റ് വർധന ഉറപ്പാക്കുന്നതിലൂടെ നിലവിലെ വിഹിതം സംരക്ഷിക്കപ്പെടുമെന്നാണ് പാർട്ടിയുടെ നിലപാട്.

നേരത്തെ മണ്ഡല പുനർനിർണയത്തിനായുള്ള കേന്ദ്ര നീക്കത്തെ ഡിഎംകെ എതിർത്തിരുന്നു. ലോക്‌സഭയിലെ നിലവിലെ 543 സീറ്റുകൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ പുതുക്കിയ നിർദേശത്തിൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

SCROLL FOR NEXT