NATIONAL

ഷിംലയിലെ ആശുപത്രിയിൽ രോഗിയെ മർദിച്ച സംഭവം; ഡോക്‌ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡോ. രാഘവ് നിരുലയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഷിംല: ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ക്രൂരമായി മർദിച്ച ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡോ. രാഘവ് നിരുലയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച രോഗിക്കാണ് ഡോക്ടറുടെ മർദനം ഏൽക്കേണ്ടിവന്നത്. ഈ മാതൃകാപരമായ നടപടി സ്വീകരിച്ചതിന് സർക്കാരിനോട് നന്ദി അറിയിക്കുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു.

പരിശോധിക്കാനെത്തിയ ഡോക്ടർ തന്നോട് മോശമായി സംസാരിച്ചുവെന്നും മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കാൻ തുടങ്ങിയെന്നുമാണ് ​രോ​ഗി ആരോപിക്കുന്നത്. ഡോക്ടർ ഭീഷണിപ്പെടുത്തുകയും മുഖത്തും ശരീരത്തിലും ആവർത്തിച്ച് ഇടിക്കുകയും ചെയ്തുവെന്നും ഇത് മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരാൻ കാരണമായെന്നും പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

സമഗ്രമായ അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കേണൽ ധനി റാം ഷാൻഡിൽ ഉറപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്. ആരോ​ഗ്യരംഗത്തെ അധികൃതരുടെ ഭാ​ഗത്തു നിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റം മെഡിക്കൽ പ്രൊഫഷൻ്റെ ധാർമികതയ്ക്ക് വിരുദ്ധമാണെന്നും അത് അം​ഗീകരിക്കാൻ കഴിയില്ലെന്നും ധനി റാം ഷാൻഡിൽ പറഞ്ഞിരുന്നു.

SCROLL FOR NEXT