ഡൽഹി: ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം. ആശുപത്രിയിലെത്തിയ രോഗിയോട് ഡോക്ടർ പരുഷമായി സംസാരിച്ചെന്നാണ് പരാതി. തുടർന്ന് മാന്യമായി സംസാരിക്കാൻ രോഗി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർ മർദിച്ചത്. ഷിംലയിലെ കുപ്‌വിയിൽ നിന്നെത്തിയ രോഗിക്കാണ് മർദനമേറ്റത്. ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിലെത്തിയത്. പരിശോധിക്കാനെത്തിയ ഡോക്ടർ തന്നോട് മോശമായി സംസാരിച്ചുവെന്നും മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കാൻ തുടങ്ങിയെന്നുമാണ് രോഗി ആരോപിക്കുന്നത്.
ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. അതേസമയം, സമഗ്രമായ അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കേണൽ ധനി റാം ഷാൻഡിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ വിഭാഗം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റം മെഡിക്കൽ പ്രൊഫഷന്റെ ധാർമികതയ്ക്ക് വിരുദ്ധമാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ധനി റാം ഷാൻഡിൽ പ്രതികരിച്ചു. സംഭവത്തിൽ ആരോഗ്യ സെക്രട്ടറി, ഐജിഎംസി മെഡിക്കൽ സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും ഇത്തരം സംഭവങ്ങൾ എവിടെയും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.