ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടർമാരും ഫരീദാബാദ് ആസ്ഥാനമായുള്ള അൽ-ഫലാഹ് സർവകലാശാലയിൽ ജോലിയ്ക്ക് ചേർന്നത് നിർബന്ധിത അന്തർസംസ്ഥാന മെഡിക്കൽ ക്ലിയറൻസ് നേടാതെയാണെന്ന് റിപ്പോർട്ടുകൾ.
ഒരു ഡോക്ടർ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോൾ അത്യാവശ്യമായ എൻഒസി ഇല്ലാതെയാണ് ഉമർ ഉൻ നബി, മുസാമിൽ ഷക്കീൽ, ഷഹീൻ ഷഹീദ്, മുസാഫർ അഹമ്മദ് എന്നിവർ യൂണിവേഴ്സിറ്റിയിൽ അധ്യാപന ജോലിയ്ക്കായി കയറിയത്. ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) നിയമങ്ങൾ പ്രകാരം, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ എല്ലാ ഡോക്ടർമാരും അവരുടെ മുൻ മെഡിക്കൽ കൗൺസിലിൽ നിന്നും എൻഒസി നേടുകയും ജോലിയിൽ ചേരുന്ന സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുകയും വേണം. അറസ്റ്റിലായവരിൽ ആദിൽ അഹമ്മദ് റാത്തർ മാത്രമാണ് എൻഒസി സമർപ്പിച്ചത്.
എൻഒസി സമർപ്പിക്കാതെ മറ്റ് നാല് ഡോക്ടർമാരെ എങ്ങനെ നിയമിച്ചു എന്നതിനെക്കുറിച്ചും സർവകലാശാലയുടെ പരിശോധനാ പ്രക്രിയകൾ വേണ്ടത്ര ശക്തമായിരുന്നോ എന്നതിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അറസ്റ്റിലായ ഡോക്ടർമാരുടെ രജിസ്ട്രേഷൻ എൻഎംസി ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
അൽ-ഫലാഹ് സർവകലാശാല സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവിടെ നിന്നും തീവ്രവാദവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ ഉണ്ടാവുന്നത്. ഇവരുടെ എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ സ്കൂളുകൾക്ക് 'എ' ഗ്രേഡുകൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കൂടാതെ, സ്ഥാപനങ്ങൾക്ക് കേന്ദ്ര ഗ്രാൻ്റുകൾ സ്വീകരിക്കാൻ കഴിയുന്ന '12B പദവി'യെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് വിശദീകരണം നൽകുവാനും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) സർവകലാശാലയോട് ആവശ്യപ്പെട്ടു, സ്ഥാപനത്തിന് അത്തരമൊരു അംഗീകാരം നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എൻഎഎസി, യുജിസി എന്നിവയുടെ പരാതികളെത്തുടർന്ന് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് സർവകലാശാലയ്‌ക്കെതിരെ രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് അസോസിയേഷൻ ഇതിനകം അൽ-ഫലാഹിൻ്റെ അംഗത്വവും റദ്ദാക്കിയിട്ടുണ്ട്.