UP Woman Climbs Mobile Tower Demanding Permission to Marry Boyfriend Amid Family Opposition News Malayalam
NATIONAL

വിവാഹത്തിന് ജാതി വിലങ്ങുതടിയായി; പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽ നിന്നിറങ്ങി മൊബൈല്‍ ടവറിൽ കയറി പതിനെട്ടുകാരി, നാടകീയ രംഗങ്ങള്‍

ശിശ്ഗഡ് ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, ഇയാളെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഗ്രാമത്തിന് സമീപമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി പ്രതിഷേധിച്ചത്.

Author : ന്യൂസ് ഡെസ്ക്

മഹാരാജ്ഗഞ്ച് : കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് 18 കാരി മൊബൈൽ ടവറിന് മുകളിൽ കയറിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലുള്ള ബൈത്‌വാലിയ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ശിശ്ഗഡ് ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, ഇയാളെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഗ്രാമത്തിന് സമീപമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി പ്രതിഷേധിച്ചത്. സംഭവം വന്‍ വിഷയമായപ്പോള്‍ കുടുംബാംഗങ്ങളും നാട്ടുകാരും വലിയ പരിഭ്രാന്തിയിലാവുകയും പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു.

യുവാവ് മറ്റൊരു ജാതിയിൽപ്പെട്ടയാളായതിനാൽ യുവതിയുടെ കുടുംബം ഈ ബന്ധത്തെ എതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടുകാരുടെ എതിർപ്പിൽ മനംനൊന്ത യുവതി ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പ്രഭാതകൃത്യങ്ങൾക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി നിച്‌ലൗൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൊബൈൽ ടവറിൽ കയറുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് യുവതിയോട് സംസാരിക്കുകയും താഴെയിറങ്ങാൻ നിരന്തരം അഭ്യർത്ഥിക്കുകയും ചെയ്തു.

മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ യുവതി സുരക്ഷിതമായി ടവറിൽ നിന്ന് താഴെയിറങ്ങിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ശ്വാസം നേരെ വീണത്. തുടർന്ന് പോലീസ് യുവതിയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുവതിയെ സുരക്ഷിതമായി താഴെയിറക്കിയതായും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നിച്‌ലൗൾ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ യോഗേന്ദ്ര കുമാർ റായ് അറിയിച്ചു.

SCROLL FOR NEXT