NATIONAL

രാജസ്ഥാനിലെ സർക്കാർ സ്കൂള്‍ സന്ദർശനത്തിനിടെ സിജെപി സംഘത്തിനുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് അശുതോഷ് റാങ്ക

ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും, പൊലീസിനെ മുന്‍കൂട്ടി അറിയിച്ചശേഷമായിരുന്നു സ്കൂള്‍ സന്ദര്‍ശനമെന്നും റാങ്ക പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാനിലെ ജയ്‌പൂരില്‍ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ സിജെപി സംഘത്തെ നാട്ടുകാര്‍ തടയുകയും മര്‍ദിക്കുകയും വാഹനങ്ങള്‍ക്ക് കല്ലെറിയുകയും ചെയ്തു. സിജെപി സഹകൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെ പ്രവർത്തകർക്കാണ് മർദനമേറ്റത്. സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് കേടുപാടുകളും വരുത്തി. ആക്രമണത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് അശുതഷ് റാങ്ക ആരോപിച്ചു.

രാംപുര-കണ്‍വാര്‍പുര ഗ്രാമത്തിലെ ഒരു സ്‌കൂള്‍  സന്ദർശനത്തിനെത്തിയ സിജെപി സംഘത്തെ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് കൂടിയ സംഘം അര്‍ബന്‍ നക്സലുകള്‍, രാജ്യവിരുദ്ധര്‍, പാകിസ്ഥാനികള്‍ എന്നിങ്ങനെ അധിക്ഷേപിച്ചു. തുടര്‍ന്നായിരുന്നു മര്‍ദനം. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും, പൊലീസിനെ മുന്‍കൂട്ടി അറിയിച്ചശേഷമായിരുന്നു സ്കൂള്‍ സന്ദര്‍ശനമെന്നും റാങ്ക പറഞ്ഞു.

"വർഷങ്ങളായി സ്‌കൂൾ ഒരു പശുത്തൊഴുത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും ഞങ്ങൾ ഇതേ സ്‌കൂൾ സന്ദർശിച്ചിരുന്നു. ഇന്നത്തെ സന്ദർശനത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ബിജെപി ഗുണ്ടകൾ നേരത്തെ തന്നെ അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകരെ ആക്രമിച്ചു, കാറുകൾ തകർത്തു, ഫോണുകൾ നശിപ്പിച്ചു, ഒരു വനിതാ പ്രവർത്തകയെ ആക്രമിച്ചു, എൻ്റെ ഷർട്ട് കീറി, സംഘത്തിലെ ഒരാൾക്ക് കൈയ്ക്ക് പൊട്ടലേറ്റു" - ആക്രമണത്തിനും ശേഷം റാങ്കെ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, സിജെപിയെ തടഞ്ഞത് പ്രദേശവാസികള്‍ ആണെന്നാണ് ജയ്പൂർ എംഎൽഎ സ്വാമി ബാൽ മുകുന്ദാചാര്യയുടെ പ്രതികരണം. സിജെപിയുടെ നിലപാടുകളോട് പ്രദേശവാസികൾക്ക് യോജിപ്പില്ല. ഗ്രാമവാസികൾ സിജെപി സന്ദർശനത്തെ എതിർക്കുകയും അവരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സിജെപി സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും സ്വാമി ബാൽ മുകുന്ദാചാര്യ പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍ ഗ്രാമവാസികളെ കുറ്റപ്പെടുത്തരുതെന്ന് റാങ്കെ എക്സില്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. പുറത്തുനിന്നുള്ള ആളുകളെ എത്തിച്ചാണ് അക്രമത്തിന് പ്രേരണ നൽകിയത്. സ്‌കൂൾ പരിശോധിക്കാൻ ക്ഷണിച്ചത് ഗ്രാമവാസികളാണെന്നും റാങ്കെ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT