തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മറ്റു രണ്ടു കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും. എസ്ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിച്ചില്ല. 100 കോടിയോളം വരുന്ന വോട്ടർമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇ.സി.ഐ.നെറ്റ് വോട്ടർപട്ടികയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഇക്കാര്യത്തിലുള്ള വിയോജിപ്പുകള്‍ പല തവണ അറിയിച്ചിട്ടും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിച്ചില്ല. ഇതോടെ, സന്ധുവും വിവേക് ജോഷിയും അടിയന്തര ഇടപെടല്‍ തേടി കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തയച്ചതായും ഇന്ത്യന്‍ എക്സ്പ്രസ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടില്‍ പറയുന്നു.
നാല്‍പ്പതിലധികം ആപ്പുകളെയും പോര്‍ട്ടലുകളെയും ഒരുമിപ്പിച്ച്, ഈ വര്‍ഷം ജനുവരി 22നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ.സി.ഐ. നെറ്റ് പുറത്തിറക്കിയത്. കമ്മീഷന്റെ വിശ്വാസ്യതയും, സുതാര്യതയും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി ഉടലെടുത്തു. വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കാനും, നീക്കാനും അധികാരമുള്ള താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് സോഫ്റ്റ്‍വെയറിലേക്കുള്ള പ്രവേശനാനുമതി ഐടി വിഭാഗം നിഷേധിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്തു. ഇതിനിടെ, ഡല്‍ഹി ഓഫീസിലെ അഡ്‌മിനിസ്ട്രേഷനില്‍ പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു. ഐടി വിഭാഗത്തിനു മേലുള്ള മേല്‍നോട്ടം പൂര്‍ണമായി ഇല്ലാതാക്കുന്ന തരത്തില്‍ ചുമതലകളിലും മാറ്റം വന്നു. വോട്ടർപട്ടിക തയ്യാറാക്കുന്നതിലും അന്തിമമാക്കുന്നതിലും ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം ഇ.സി.ഐ. നെറ്റ് കവർന്നെടുക്കുകയാണെന്നും സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും മുന്നറിയിപ്പ് നൽകി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഇതുസംബന്ധിച്ച് മൂന്നു തവണ വിയോജന കുറിപ്പുകളും നല്‍കി.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യല്‍, കൂട്ടിച്ചേര്‍ക്കല്‍, അപ്പീല്‍ സമര്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സന്ധുവും വിവേക് ജോഷിയും സംശയങ്ങളും ആക്ഷേപങ്ങളും മുന്നറിയിപ്പും പങ്കുവച്ചത്. നവംബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 14 തവണയാണ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പുകള്‍ അറിയിച്ചത്. എന്നാല്‍ ഒന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിച്ചില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായി കമ്മീഷണര്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് സന്ധുവും വിവേക് ജോഷിയും അടിയന്തര ഇടപെടല്‍ തേടി കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തയച്ചത്.
ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്ന വിയോജനക്കുറിപ്പുകളില്‍ പ്രധാനപ്പെട്ടവ
2025 നവംബർ 4: ഇ.സി.ഐ.നെറ്റിന്റെ മുൻഗാമിയായ ഇ.ആർ.ഒ.നെറ്റില്‍ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. എസ്ഐആറിനായി പുതിയ മൊഡ്യൂളുകൾ അവതരിപ്പിച്ചപ്പോൾ, ഇ.ആർ.ഒമാരുടെ നിയമപരമായ അധികാരം തടയരുതെന്ന് കമ്മീഷനുള്ളിൽ മുന്നറിയിപ്പുണ്ടായി. സന്ധുവിന്റെ നിർദേശപ്രകാരം, "ഇ.ആർ.ഒ, ഡി.ഇ.ഒ, സി.ഇ.ഒ എന്നിവരുടെ നിയമാനുസൃത ചുമതലകൾ അവർ മാത്രമേ നിർവഹിക്കാവൂ, മറ്റാരും അതിൽ ഇടപെടരുത്. ഐടി സംവിധാനങ്ങൾ യാതൊരു ഒഴികഴിവുമില്ലാതെ നിയമത്തിന് വിധേയമായിരിക്കണം", എന്ന് വ്യക്തമാക്കിക്കൊണ്ട് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കുമാർ ഐ.ടി ഡയറക്ടർ ജനറലിനും ഉദ്യോഗസ്ഥർക്കും കത്തെഴുതിയിരുന്നു.
2026 ജനുവരി 2: 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ പുരോഗമിക്കവെ, നോട്ടീസുകൾ അയയ്‌ക്കാനും ഹിയറിങ്ങുകള്‍ നടത്താനും ഐടി വിഭാഗം പുതിയ മൊഡ്യൂൾ കൊണ്ടുവന്നു. ഇ.ആർ.ഒമാരുടെ വിവേചനാധികാരം ഒരു തരത്തിലും പരിമിതപ്പെടുത്താത്ത രീതിയിലാണ് ഐ.ടി സംവിധാനം നിർമിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് സഞ്ജയ് കുമാർ വീണ്ടും ആവശ്യപ്പെട്ടു. 20 ദിവസങ്ങൾക്കു ശേഷം കമ്മീഷൻ 'ഇ.സി.ഐ.നെറ്റ്' പുറത്തിറക്കി.
ഏപ്രിൽ 16: കമ്മീഷനെയോ തന്റെ ഓഫീസിനെയോ അറിയിക്കാതെ ഐ.ടി വിഭാഗം നിരവധി പുതിയ മൊഡ്യൂളുകളും പോർട്ടലുകളും വികസിപ്പിച്ചതായി സുഖ്ബീർ സിങ് സന്ധു രേഖപ്പെടുത്തി. "മാധ്യമങ്ങളിലൂടെ മാത്രമാണ് ഇത്തരം പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയുന്നത്," എന്ന് കുറിച്ച അദ്ദേഹം, എല്ലാ നടപടികൾക്കും കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു.
മെയ് 29: വോട്ടർപട്ടിക ഡാറ്റാബേസ് കേന്ദ്രീകരിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വിവേക് ജോഷി സി.ഇ.സിക്കും സന്ധുവിനും കത്തയച്ചു. ബന്ധപ്പെട്ട നിയമാനുസൃത ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും വോട്ടർ ഡാറ്റാബേസിൽ മാറ്റം വരുത്താൻ അനുമതിയില്ലെന്ന് സാക്ഷ്യപ്പെടുത്താൻ ഐഐടിയിലെ ബാഹ്യ വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. സോഫ്റ്റ്‌വെയർ നിയമവിധേയമാണോ എന്ന് പരിശോധിക്കാൻ രണ്ട് ആഭ്യന്തര സമിതികളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ജൂലൈ 13: വിവേക് ജോഷിയുടെ നിർദേശത്തോട് സുഖ്ബീർ സിങ് സന്ധു പൂർണമായി യോജിച്ചു. എന്നാൽ ഒരു മാസത്തിനും ശേഷം, ഓഗസ്റ്റ് 14ന് "രണ്ട് കമ്മീഷണർമാർ നൽകിയ രണ്ട് സുപ്രധാന കുറിപ്പുകളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഇതുവരെ വ്യക്തമല്ല" എന്ന് സന്ധു രേഖപ്പെടുത്തി.
ജൂലൈ 28: ഐടി വിഭാഗത്തിന്റെ പ്രധാന മേൽനോട്ട സംവിധാനം പെട്ടെന്ന് റദ്ദാക്കപ്പെട്ടു. അതുവരെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാറായിരുന്നു ഐടി വിഭാഗത്തിന്റെ ഫയലുകൾ പരിശോധിച്ച് മൂന്നംഗ കമ്മീഷന് മുന്നിൽ എത്തിച്ചിരുന്നത്. ജൂലൈ 28ന് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ അധിക ചുമതല ലഭിച്ച മനീഷ് ഗാർഗ് എന്ന ഉദ്യോഗസ്ഥൻ, ചുമതലയേറ്റ് മണിക്കൂറുകൾക്കകം കമ്മീഷനുമായി കൂടിയാലോചിക്കാതെ ഉത്തരവിറക്കുകയും ഐടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിന്ന് സഞ്ജയ് കുമാറിനെ ഒഴിവാക്കുകയും ചെയ്തു.
ജൂലൈ 29: അസാധാരണ നടപടിയിലൂടെ, സന്ധുവും ജോഷിയും മനീഷ് ഗാർഗിന്റെ ഉത്തരവിനെതിരെ കാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തയച്ചു. ഉത്തരവ് കമ്മീഷന്റെ പ്രവർത്തന നിയമങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷണർമാർ, ഉദ്യോഗസ്ഥനെതിരെ ഉചിത നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ജൂലൈ 30: കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതിന്റെ തൊട്ടടുത്ത ദിവസം, സന്ധുവും ജോഷിയും ചേർന്ന് സംയുക്ത ഉത്തരവിലൂടെ ഗാർഗിന്റെ ഉത്തരവ് റദ്ദാക്കി. യാതൊരു കാരണവുമില്ലാതെ വരുത്തിയ ആ മാറ്റം തള്ളിക്കളഞ്ഞ അവർ, കമ്മീഷനിൽ പൊതുധാരണ ഉണ്ടാകുന്നതുവരെ പഴയ പ്രവർത്തന ക്രമം തുടരാൻ നിർദേശിച്ചു. ഉത്തരവിന്റെ പകർപ്പ് സി.ഇ.സിക്കും നൽകി..
ഓഗസ്റ്റ് 14: ഐ.ടി സംവിധാനത്തെക്കുറിച്ച് സന്ധു വിശദമായ വിയോജിപ്പ് ഫയലിൽ കുറിച്ചു. സി.ഇ.ഒ, ഡി.ഇ.ഒ, ഇ.ആർ.ഒ എന്നിവരാണ് വോട്ടർപട്ടികയുടെ നിയമാനുസൃത അധികാരികൾ. എന്നാൽ ഇ.ആർ.ഒ.നെറ്റിൽ തങ്ങൾക്ക് പൂർണമായ പ്രവേശനാനുമതി ഇല്ലെന്ന് നിരവധി ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. നിയമാനുസൃത ഉദ്യോഗസ്ഥരുടെ പ്രവർത്തന സ്വാതന്ത്ര്യവും പ്രവേശനാനുമതിയും തടയാൻ ഐടി ഡയറക്ടർ ജനറലിന് യാതൊരു അധികാരവുമില്ല. എല്ലാ ഉദ്യോഗസ്ഥർക്കും ഉടന്‍ പ്രവേശനാനുമതി നൽകുകയും, അക്കാര്യം സാക്ഷ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും സന്ധു നിർദേശിച്ചു