NATIONAL

നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്തി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എല്ലാ അപേക്ഷകളും ഇപ്പോൾ 'ECI-NET' എന്ന മൊബൈൽ ആപ്പിന് കീഴിലായിരിക്കും.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്തി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് സുതാര്യമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ 12 മാസത്തിനിടെ തെരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും, വോട്ടർമാർക്ക് അനുഭവം കൂടുതൽ മനോഹരമാക്കുന്നതിനും, എല്ലാവർക്കും എല്ലാ വിവരങ്ങളും എത്രയും വേഗം ലഭിക്കുന്നതിനും വേണ്ട മുപ്പതിലധികം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.

'ECI-NET' മൊബൈൽ ആപ്പ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എല്ലാ അപേക്ഷകളും ഇപ്പോൾ 'ECI-NET' എന്ന മൊബൈൽ ആപ്പിന് കീഴിലായിരിക്കും. എപ്പിക് കാർഡ്, പോളിംഗ് സ്റ്റേഷൻ, സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ, സ്ഥാനാർഥിയുടെ സത്യവാങ്മൂലങ്ങളെ കുറിച്ചുള്ള വിവരം, പോളിംഗിൻ്റെ പുരോഗതി, വോട്ടെണ്ണൽ അപ്ഡേറ്റുകൾ തുടങ്ങി വോട്ടർമാർക്ക് അറിയേണ്ടതായ എല്ലാ വിവരങ്ങളും ECI-NET ആപ്പിൽ ലഭ്യമാണ്.

മൊബൈൽ ഫോണുകൾക്ക് നോ എൻട്രി

വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷൻ്റെ ഗേറ്റിന് പുറത്ത് തങ്ങളുടെ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനും, പിന്നീട് അകത്ത് പോയി വോട്ട് ചെയ്യാനും, പുറത്തുവന്ന് മൊബൈൽ ഫോൺ എടുത്ത് തിരിച്ചു പോകാനും കഴിയും.

ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ

വോട്ടർമാർക്ക് അവർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയെ വ്യക്തമായി തിരിച്ചറിയുന്നതിനും വ്യാജ പേരുകാരെ തിരിച്ചറിയാനും സഹായിക്കുന്നതിനായി, എല്ലാ സ്ഥാനാർഥികളുടെയും കളർ ഫോട്ടോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ഉണ്ടായിരിക്കും.

  • നീണ്ട വരികൾ ഇല്ലെന്ന് ഉറപ്പാക്കാനായി ഒരു പോളിംഗ് സ്റ്റേഷനിലും 1200ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

  • പോളിങ് സ്റ്റേഷന് 100 മീറ്ററിന് അപ്പുറത്തായി സ്ഥാനാർഥികൾക്ക് ബൂത്തുകൾ സ്ഥാപിക്കാം.

  • വോട്ടർമാരുടെ വിവരങ്ങളും, വോട്ടറുടെ പോളിംഗ് സ്റ്റേഷൻ, സീരിയൽ നമ്പർ എന്നിവ സൂചിപ്പിക്കുന്ന വ്യക്തമായ നമ്പർ സ്ലിപ്പിൽ ഉണ്ടായിരിക്കും.

അതേസമയം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി എഴുതേണ്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ശുദ്ധീകരണം ലക്ഷ്യം വച്ച് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തിയെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

  • കേരളം - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4

  • അസം - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4

  • തമിഴ്നാട് - പോളിംഗ് തീയതി ഏപ്രിൽ 23; വോട്ടെണ്ണൽ തീയതി- മെയ് 4

  • പുതുച്ചേരി - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4

  • പശ്ചിമ ബംഗാള്‍ - പോളിംഗ് തീയതി- ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ തീയതി- മെയ് 4

SCROLL FOR NEXT