ആമേർ കോട്ടയിലെ ആന സഫാരി Source: Holidify
NATIONAL

ആമേർ കോട്ടയിലെ ആന സവാരി നിർത്തണം; ലോക മൃഗക്ഷേമ ദിനത്തിൽ പ്രധാനമന്ത്രിക്ക് എത്തിയത് നൂറോളം വിദ്യാർഥികളുടെ നിവേദനം

ഒക്ടോബർ നാല്, ലോക മൃഗക്ഷേമ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിക്ക് വിദ്യാർഥികളുടെ നിവേദനം എത്തിയത്

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാൻ ജയ്പൂരിലെ പ്രശസ്തമായ ആമേര്‍ കോട്ടയ്ക്കുള്ളിലെ ആന സഫാരികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെത്തിയത് നൂറോളം വിദ്യാർഥികളുടെ നിവേദനം. ഒക്ടോബർ നാല്, ലോക മൃഗക്ഷേമ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിക്ക് വിദ്യാർഥികളുടെ നിവേദനം എത്തിയത്. ഡൽഹി ശ്രീനിവാസപുരിയിലെ കേംബ്രിഡ്ജ് സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് നിവേദനമയച്ചത്.

ആനകൾ വന്യജീവികളാണ്, അവ കാട്ടിൽ തന്നെ ജീവിക്കേണ്ടവരാണ്. അമേർ ഫോർട്ട് പോലുള്ള സ്ഥലങ്ങളിലെ ചുറ്റുപാടുകളിൽ സവാരി നടത്തി അവയെ ചൂഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ നിവേദനം സമർപ്പിച്ചത്. കേംബ്രിഡ്ജ് സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂളിന്റെയും അധ്യാപകരുടെയും എല്ലാറ്റിനുമുപരി സ്വമേധയാ മുൻകൈയെടുത്താണ് അമേർ കോട്ടയിലെ ആനകളുടെ ദുരവസ്ഥയെ കുറിച്ച് പഠിച്ചത്. വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ കൺട്രി ഡയറക്ടർ ഗജേന്ദർ കുമാർ ശർമ വിദ്യാർഥികളുടെ ഈ പരിശ്രമത്തെ അഭിനന്ദിച്ചു.

മൃഗങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് ഓഫ് അസീസി അഥവാ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബഹുമാനാർഥമാണ് ഒക്ടോബർ 4 ലോക മൃഗക്ഷേമ ദിനമായി ആചരിക്കുന്നത്. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 4. മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള സാഹചര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും പ്രകൃതിയില്‍ മൃഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ലോക മൃഗക്ഷേമ ദിനം ആചരിക്കുന്നത്.

SCROLL FOR NEXT