ന്യൂഡല്‍ഹി: എത്യോപ്യയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം. അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യയിലേക്ക് നീങ്ങിയതോടെയാണ് ജാഗ്രതാ നിര്‍ദേശം. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്‌ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 12,000 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വത്തില്‍ നിന്നുള്ള ചാരവും പുകയും ചെങ്കടലിനു മുകളിലൂടെ യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇവിടെ നിന്ന് ഇന്ത്യ, പാകിസ്ഥാനിലും വരെ എത്തി. കരിമേഘം ഇപ്പോള്‍ ഇപ്പോള്‍ വടക്കന്‍ അറബിക്കടലിന് മുകളിലൂടെ മേഘം വ്യാപിക്കുകയാണ്.
വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കരിമേഘവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡല്‍ഹിക്കു പുറമെ, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും കരിമേഘം വ്യാപിക്കുന്നുണ്ട്.
കരിമേഘത്തെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആകാശ, ഇന്‍ഡിഗോ എന്നിവയും ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മും സര്‍വീസുകള്‍ റദ്ദാക്കി. കരിമേഘം വ്യാപിച്ച മേഖലകളിലൂടെയുള്ള പാത ഒഴിവാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്‌നിപര്‍വ്വത ചാരം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചാല്‍ ഉടന്‍ തന്നെ റണ്‍വേകള്‍, ടാക്‌സിവേകള്‍, ഏപ്രണുകള്‍ എന്നിവ പരിശോധിക്കണമെന്ന് ഡിജിസിഎ അറിയിച്ചു.
എഞ്ചിന്‍ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍, ക്യാബിന്‍ പുക, ദുര്‍ഗന്ധം എന്നിവയുള്‍പ്പെടെ സംശയാസ്പദമായ ചാരം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ ചിത്രങ്ങളിലൂടെയും കാലാവസ്ഥാ ഡാറ്റയിലൂടെയും അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.
ഇന്നലെയും ഇന്നുമായി ജിദ്ദ, കുവൈറ്റ്, അബു ദാബി എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ആകാശ എയര്‍ റദ്ദാക്കി. കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് ആംസ്റ്റര്‍ഡാം-ഡല്‍ഹി സര്‍വീസ് (കെഎല്‍ 871) യിെ ഡല്‍ഹി-ആംസ്റ്റര്‍ഡാം മടക്ക വിമാനവും റദ്ദാക്കി.