Source: Files
NATIONAL

"ഇന്ത്യയിൽ കൂടുതൽ ഗ്രാമീണർ..."; മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിൽ വിചിത്ര വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

മോദി വാർത്താസമ്മേളനം വിളിച്ചുചേർക്കാത്തത് എന്തെന്നത് സംബന്ധിച്ച് ന്യൂസിലാൻഡ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രുദ്രേന്ദ്ര ടണ്ടൻ...

Author : ന്യൂസ് ഡെസ്ക്

വെല്ലിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിൽ വിചിത്ര വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ ഗ്രാമീണരാണ് ഭൂരിപക്ഷമെന്നും അവർക്ക് വാർത്താസമ്മേളനം ഇഷ്ടമല്ലെന്നും വിദേശകാര്യ വക്താവ് രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രതികരണം.

നരേന്ദ്ര മോദി വാർത്താസമ്മേളനം വിളിച്ചുചേർക്കാത്തത് എന്തെന്നത് സംബന്ധിച്ച് ഓക്ക്ലാൻഡിൽ ന്യൂസിലാൻഡ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രുദ്രേന്ദ്ര ടണ്ടൻ. നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ് ഗ്രാമീണർക്ക് ഇഷ്ടമെന്നും രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു. ഇടനിലക്കാരായ മാധ്യമങ്ങളെ ജനങ്ങൾക്ക് ഇഷ്ടമല്ല. തന്റെ വോട്ടർമാരുമായി നേരിട്ട് സംസാരിക്കുന്നതിൽ മോദി പ്രാവീണ്യം നേടിയിട്ടുണ്ട്, മോദി അതിൽ സമർഥൻ ആണെന്നും വക്താവ് വ്യക്തമാക്കി. രാഷ്ട്രീ നേതാവെന്ന നിലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് മോദി. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് താനെന്നും മോദിയുടെ രാഷ്ട്രീയ രീതിയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്നും രുദ്രേന്ദ്ര ടണ്ടൻ കൂട്ടിച്ചേർത്തു.

മെയിൽ നോർവേ സന്ദർശനത്തിനിടെ മോദി മാധ്യമങ്ങളോട് പ്രതികരിക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. നോർവീജിയൻ പ്രധാനമന്ത്രി ജൊനാസ് ഗഹർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ലെന്ന നോർവീജിയൻ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി നൽകാതെ മോദി വേദി വിട്ട് പോകുകയായിരുന്നു.

SCROLL FOR NEXT