

ധാക്ക: ഫിഫ ലോകകപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും അതിരുവിട്ട ആവേശമാണ് ബംഗ്ലാദേശില്‍. സാഹചര്യം വഷളായതോടെ കുരുതിക്കളമായി മാറിയിരിക്കുകയാണ് രാജ്യം. ആരാധകരുടെ തമ്മില്‍ത്തല്ലും കത്തിക്കുത്തും അപകടങ്ങളും അടക്കമുള്ള സംഭവങ്ങളില്‍ ഇതുവരെ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകകപ്പ് മത്സരങ്ങളുടെ സ്‌ക്രീനിങ്ങിനിടെ, ആരാധകര്‍ ചേരികളായി തിരിഞ്ഞ് ഉണ്ടാക്കുന്ന വാക്കേറ്റങ്ങള്‍ കൈയാങ്കളിയില്‍ എത്തുന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലേക്കെത്തുന്നത്. മുഹമ്മദ് ഷാരിഫുല്‍ ഇസ്‌ലാം എന്ന 38-കാരന്റെ ദാരുണാന്ത്യമാണ് ഈ വിഷയത്തിലെ അവസാന സംഭവം. കുമില്ല പ്രദേശത്തുണ്ടായ തമ്മില്‍ത്തല്ലിലാണ് യുവാവിന് ജീവന്‍ നഷ്ടമായത്.
ഇ - റിക്ഷ ഡ്രൈവറാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാരിഫുല്‍ ഇസ്‌ലാം. അര്‍ജന്റീന - ഈജിപ്ത് മത്സരത്തിനിടെയുണ്ടായ സംഭവത്തില്‍ യുവാവിന് ക്രൂരമായ മര്‍ദനമാണ് ഏറ്റത്. നില്‍ഫാമരിയിലെ ജല്‍ധാക്ക ഉപസില പ്രദേശത്തിന് അടുത്തുള്ള ഗ്രാമമാണ് ഇയാളുടെ സ്വദേശം. ജോലിക്കായി എട്ട് മാസം മുന്‍പാണ് കുമില്ലയിലേക്ക് എത്തിയത്. മെസി പെനാല്‍റ്റി പാഴാക്കിയതിനെ ബ്രസീല്‍ ആരാധകനായ ഷാരിഫുല്‍ ഇസ്‌ലാം പരിഹസിച്ചതാണ് അര്‍ജന്റീന ആരാധകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം കുമില്ലയിലെ ധന്‍പൂര്‍ പ്രദേശത്തുവച്ചാണ് സംഭവമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.
'ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പേരില്‍ ആളുകള്‍ക്ക് എങ്ങനെയാണ് ഒരാളെ കൊല്ലാന്‍ കഴിയുക? എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. അവര്‍ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ രണ്ട് പെണ്‍മക്കളും അനാഥരായി. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് കിട്ടാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കണം'- കൊല്ലപ്പെട്ടയാളുടെ ഭാര്യ ബ്യൂട്ടി ബീഗം മാധ്യമങ്ങളോട് പറഞ്ഞു.