പാറ്റ്ന: നിതീഷ് കുമാറിനെ ബിഹാറിൽ ഇത്രയധികം അചഞ്ചലമായ ഒരു ശക്തിയാക്കി നിർത്തുന്നത് എന്താണ്? അതിന് ഉത്തരം നിതീഷ് കുമാറിൻ്റെ രാഷ്ട്രീയ വിജയം സങ്കീർണ്ണമായൊരു സോഷ്യൽ എഞ്ചിനീയറിംഗിൻ്റെ അപൂർവ സംയോജനമാണ് എന്ന് വിശേഷിപ്പിക്കേണ്ടി വരും.
സാമ്പത്തികമായി പിന്നാക്കമായ വിഭാഗങ്ങൾ, മഹാ ദളിതർ, യാദവ ഇതര ഒബിസികൾ എന്നിവരെ ഒന്നിപ്പിച്ച് നിർത്താൻ വിജയിച്ചു എന്നിടത്തും, രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹത്തെ പിന്തുണച്ച സ്ത്രീകൾക്കിടയിലുള്ള ആഴത്തിലുള്ള സൗഹാർദ്ദം നിലനിർത്തിപോരുന്നു എന്നിടത്തും നിതീഷ് കുമാർ ഒരു വിജയമാണ് എന്ന് തെളിയിക്കുന്നതാണ് 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്.
ഓരോ തെരഞ്ഞെടുപ്പുകളിലും സീറ്റുകളുടെ എണ്ണം എത്ര മാറിയാലും അധികാരത്തിലേക്കുള്ള താക്കോൽ നിതീഷിൻ്റെ കൈവശം ഭദ്രമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ജെഡിയുവിൻ്റെ മാസ്സ് പ്രകടനവും ആ ബോധ്യം വീണ്ടും ശക്തിപ്പെടുത്തുന്നതാണ്.
സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ 2010ൽ ഒന്നാം സ്ഥാനത്തും (115 സീറ്റുകൾ), 2015ൽ രണ്ടാം സ്ഥാനത്തും (മഹാഗഢ്ബന്ധൻ്റെ ഭാഗമായിരുന്നപ്പോൾ 71 സീറ്റുകൾ), 2020ൽ മൂന്നാം സ്ഥാനത്തും ആയിരുന്നു നിതീഷിൻ്റെ ജെഡിയു. എന്നിട്ടും ഓരോ തവണയും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി എന്നത് അവിശ്വസനീയമാണ്.
സീറ്റുകളുടെയും എംഎൽഎമാരുടെയും എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, പക്ഷേ സമയമാകുമ്പോൾ അധികാരത്തിൻ്റെ കേന്ദ്രസ്ഥാനത്ത് നിതീഷ് നിലയുറപ്പിച്ചിരിക്കും. അതാണ് നിതീഷ് കുമാറിൻ്റെ തുടർച്ചയായ ചുവടുമാറ്റങ്ങളുടെയും രാഷ്ട്രീയ കൗശലത്തിൻ്റേയും പ്രഭാവം.
ഈ 'നിതീഷ് കുമാർ ഫാക്ടർ' എന്താണെന്ന് മനസിലാക്കാൻ ബിജെപി നേരത്തെ പരമാവധി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തരംഗത്തിൽ അധികാരത്തിൽ എത്തിയതിന് ബിഹാറിൽ രാഷ്ട്രീയമായി ഏറെ മുന്നേറാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി ജെഡിയുവിനെ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2015ൽ നിതീഷ് എൻഡിഎ വിട്ട് പുറത്തുവന്നു.
എന്നാൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം നടത്തിയിട്ടും, നിതീഷ് അന്ന് ഭാഗമായിരുന്ന മഹാഗഢ്‌ബന്ധൻ സഖ്യം ആകെ 243 സീറ്റുകളിൽ 178 എണ്ണവും നേടി അധികാരത്തിലെത്തി. അതിലൂടെ അധികാരത്തിലേറാനുള്ള താക്കോൽ തൻ്റെ കൈവശമാണെന്ന് നിതീഷ് തെളിയിച്ചിരുന്നു.