Source : Social Media
NATIONAL

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് ആരോപണം; 10 വിദേശ പൗരന്മാരെ കുടുക്കിയത് വിരലിലെ മഷി

വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടു ചെയ്തെന്ന ആരോപണത്തിൽ 10 വിദേശ പൗരന്മാർ അറസ്റ്റിൽ. നാല് സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ശ്രീലങ്കയിൽ നിന്നുള്ള രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി(48) എന്നിവരാണ് അറസ്റ്റിലായത്. യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിതേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവരെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ തടഞ്ഞത്. പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകളിൽ യാത്രക്കാരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ടുണ്ട്.

ശ്രീലങ്കൻ പാസ്‌പോർട്ടിൽ യാത്ര ചെയ്തിട്ടും, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡുകളും അറസ്റ്റ് ചെയ്ത വ്യക്തികളുടെ കൈവശമുണ്ടെന്ന് അധികൃതർ പറഞ്ഞു. വിദേശ പാസ്‌പോർട്ട് ഉടമകൾ ഇന്ത്യൻ വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചിരിക്കുന്നത് ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ഇത്തരം ഒരു വാർത്ത പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ കർശനമായ പുനഃപരിശോധനകൾക്ക് വിധേയമാക്കിയിട്ടും വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.

SCROLL FOR NEXT