NATIONAL

സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കണം, നീതി ലഭിക്കണം; ത്രിപുര സ്വദേശിയെ ചൈനക്കാരനെന്നാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതില്‍ പിതാവ്

സ്വകാര്യ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ഏഞ്ചല്‍ ചക്മ.

Author : കവിത രേണുക

ന്യൂഡല്‍ഹി: ത്രിപുരയില്‍ നിന്നുള്ള യുവാവിനെ ഉത്തരാഖണ്ഡില്‍ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ പിതാവ്. മറ്റൊരാള്‍ക്കും തനിക്ക് നഷ്ടപ്പെട്ടതുപോലെ മകനെ നഷ്ടപ്പെട്ടു കാണില്ല എന്നാണ് പിതാവ് തരുണ്‍ പ്രസാദ് ചക്മ പറഞ്ഞത്.

ഡെറാഡൂണില്‍ വെച്ചാണ് ഏഞ്ചെല്‍ ചക്മയെയും സഹോദരന്‍ മൈക്കല്‍ ചക്മയെയും പ്രദേശവാസികള്‍ ആക്രമിച്ചത്. ചൈനക്കാരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. എന്നാല്‍ തങ്ങള്‍ ത്രിപുരയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഏഞ്ചല്‍ ചക്മ കൊല്ലപ്പെടുകയായിരുന്നു.

മറ്റൊരാള്‍ക്കും തനിക്ക് നഷ്ടപ്പെട്ടതുപോലെ മകനെ നഷ്ടപ്പെട്ടുകാണില്ലെന്നും ഇനി ഇതുപോലെ മറ്റൊരു കുട്ടിക്കും ഇത്തരം ഒരു സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെടരുതെന്നും പാതവ് പറഞ്ഞു.

'ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും രാജ്യത്തെ എല്ലാ സര്‍ക്കാരുകളോടും പറയാനുള്ളത് ഇത് നിര്‍ത്തണമെന്നാണ്. ബെംഗളൂരുവിലോ ഡെറാഡൂണ്‍, ഡല്‍ഹിയിലോ ഒന്നും ഇനി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഠിക്കാനായി എത്തുന്ന ഒരു കുട്ടിക്ക് പോലും ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകാന്‍ ഇടവരുത്താതിരിക്കട്ടെ,' തരുണ്‍ പ്രസാദ് ചക്മ പറഞ്ഞു.

സ്വകാര്യ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ഏഞ്ചല്‍ ചക്മ. കത്തി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സഹോദരങ്ങളെ തര്‍ക്കമുണ്ടായ സ്ഥലത്ത് നിന്ന് ഉത്തരാഖണ്ഡിലെ പ്രദേശവാസികള്‍ ആക്രമിച്ചത്. ഏഞ്ചലിന്റെ കഴുത്തിനും വയറിനും കുത്തേറ്റു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. സഹോദരന്‍ മൈക്കിളിന് തലയ്ക്കാണ് പരിക്കേറ്റത്.

17 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് ഡിസംബര്‍ 26നാണ് ചക്മ മരിച്ചത്. മരിച്ച ഏഞ്ചലിന്റെ പിതാവ് തരുണ്‍ ചക്മ ബിഎസ്എഫ് ജവാന്‍ ആണ്. തന്റെ മകന്റെ കേസില്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നും ആള്‍ ഇന്ത്യ ചക്മ സ്റ്റുഡന്‍സ് യൂണിയന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദത്തിനൊടുവിലാണ് കേസെടുത്തതെന്നും ചക്മ പറഞ്ഞു.

ഏഞ്ചലിന് നേരെ നടന്നത് വംശീയ ആക്രമണമല്ലെന്നും പ്രദേശവാസികള്‍ തമാശയ്ക്ക് പറഞ്ഞത് യുവാക്കള്‍ എതിര്‍ത്തപ്പോള്‍ ആക്രമണത്തിലേക്ക് വഴിമാറിയതാണെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം തന്റെ മകന് നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട് എന്നും തരുണ്‍ ചക്മ പറഞ്ഞു.

SCROLL FOR NEXT