NATIONAL

മുട്ടുമടക്കി ഡൽഹി പൊലീസ്; വിദ്യാർഥി പ്രക്ഷോഭത്തിലെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ കേസെടുത്തു

സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ച വിഷയത്തിൽ രാഹുൽ ഗാന്ധി അനാവശ്യ നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിൽ ഡൽഹി പൊലീസ് മുട്ടുമടക്കി. ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോചവിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നീതിയിലേക്കുള്ള ആദ്യ പടിയെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാൽ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ച വിഷയത്തിൽ രാഹുൽ ഗാന്ധി അനാവശ്യ നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

ജൂലൈ 20-ന് ജന്തർമന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധ മാർച്ചിനിടെയാണ് പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥി സാഹിൽ ലോചവിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ആക്രമണത്തിൽ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാഹിൽ നേരത്തെ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഡൽഹി പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടത്. സാഹിലിനെയും മാതാവിനെയും കൂട്ടി ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും പിന്നീട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായും രാഹുൽ ചർച്ച നടത്തി. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാണിച്ചതോടെ, നീതി ലഭിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാഹുൽ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും വൻതോതിൽ പ്രവർത്തകരും എത്തിയതോടെ പൊലീസ് കനത്ത സുരക്ഷയൊരുക്കി സ്റ്റേഷൻ ഗേറ്റുകൾ അടച്ചു. അഞ്ച് മണിക്കൂറോളം നീണ്ട കനത്ത പ്രതിഷേധത്തിനൊടുവിൽ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് പ്രാഥമിക വകുപ്പുകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർ മൊഴികൾ രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധി തനിക്കൊപ്പം നിന്നത് കൊണ്ട് മാത്രമാണ് എഫ്ഐആര്‍ ഇട്ടതെന്ന് സാഹില്‍ പറഞ്ഞു. കേസെടുത്തത് നീതിയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു

അതേസമയം, രാഹുൽ ഗാന്ധിയുടേത് അരാജകത്വ രാഷ്ട്രീയമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വിഷയം അന്വേഷിക്കാൻ സുപ്രീം കോടതി ഇതിനകം ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, വന്ദേമാതര വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും മാധ്യമശ്രദ്ധ നേടാനുമാണ് കോൺഗ്രസ് ഇത്തരം സമരങ്ങൾ നടത്തുന്നതെന്നും ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദും കേന്ദ്രമന്ത്രി ജെപി നദ്ദയും കുറ്റപ്പെടുത്തി. വിദ്യാർഥികൾക്ക് നേരെയുണ്ടായ അമിത ബലപ്രയോഗത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും സമരം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

SCROLL FOR NEXT