Screengrab  
NATIONAL

കെട്ടിടത്തിന് തീപിടിച്ചു; രക്ഷപ്പെടാന്‍ ഒമ്പതാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

അപകടത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ഒമ്പതാം നിലയില്‍ നിന്ന് താഴേക്ക് ചാടി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ ദ്വാരകയിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചത്. ദ്വാരക സെക്ടര്‍ -13 ലെ എംആര്‍വി സ്‌കൂളിന് സമീപമുള്ള ശപത് സൊസൈറ്റിയുടെ എട്ട്, ഒമ്പത് നിലകളിലാണ് തീപിടുത്തമുണ്ടായത്.

യാഷ് യാദവ് (35), ഇദ്ദേഹത്തിന്റെ പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന് തീപിടിച്ചതോടെ, ജീവന്‍ രക്ഷിക്കാന്‍ കുട്ടികളുമായി യാഷ് യാദവ് താഴേക്ക് ചാടുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഫ്‌ളാറ്റില്‍ മുഴുവനായി തീ ഉയര്‍ന്നതോടെയാണ് കുടുംബം താഴേക്ക് ചാടിയത്. താഴേക്ക് വീണ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ യാഷിന്റെ ഭാര്യയ്ക്കും മൂത്ത മകനും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

കുട്ടികള്‍ രണ്ടു പേരും ആകാശ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഐജിഐ ആശുപത്രിയിലായിരുന്നു യാഷിനെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഒമ്പത് നിലകളുള്ള കെട്ടിടത്തില്‍ പൂര്‍ണമായി തീപിടിക്കുകയായിരുന്നു. താഴെ നിലയിലുള്ളവര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായി. മുകളിലെ നിലകളിലുള്ള പലരും താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

SCROLL FOR NEXT