കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനു പിന്നാലെ, മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ചു. 67 കാരനായ ഹക്കീമിന് പകരം ആരാകും കൊല്‍ക്കത്തയുടെ അടുത്ത മേയറർ എന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതിനു പിന്നാലെ, ഹക്കീം രാജി സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ സമീപിച്ചിരുന്നു. ബിജെപി ഭരണത്തിനു കീഴില്‍ മേയറായി പ്രവര്‍ത്തിക്കുന്നത് പ്രയാസകരമായിരിക്കും എന്ന നിലപാടായിരുന്നു ഹക്കീമിന്.
എന്നാല്‍ രാജി വെക്കരുതെന്നായിരുന്നു മമതയുടെ നിര്‍ദേശം. ഇന്ന് വീണ്ടും രാജിവെക്കാമെന്ന് ഹക്കീം അറിയിച്ചതോടെ, മമത അനുവദിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ എംഎല്‍എ കുണാല്‍ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖമാണ് ഫിര്‍ഹാദ് ഹക്കീം. 2018 മുതല്‍ കൊല്‍ക്കത്തയുടെ മേയറായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണായകമായ പല മന്ത്രിപദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2010 മുതല്‍ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ ഭരണത്തിലാണ്.
നാടകീയ നീക്കങ്ങളാണ് ഇന്ന് പശ്ചിമ ബംഗാളില്‍ നടന്നത്. 60 എംഎല്‍എമാരുടെ പിന്തുണയോടെയാണ് തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. എംഎല്‍എമാരുടെ പിന്തുണക്കത്ത് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരാണ് സ്പീക്കറെ നേരില്‍ കണ്ട് കൈമാറിയത്.
വിമത നീക്കത്തെ 'വഞ്ചന' എന്നാണ് ടിഎംസി വിശേഷിപ്പിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാമായിരുന്നെന്നും അത് ചെയ്യാതെ അവര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തിയെന്നുമാണ് എംഎല്‍എ കുണാല്‍ ഘോഷ് പറഞ്ഞത്. വിമതരെ 'രാജ്യദ്രോഹികള്‍' എന്നു വിശേഷിപ്പിച്ച അദ്ദേഹം, മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ടിഎംസി ഐക്യത്തോടെ പ്രതിസന്ധി മറികടക്കുമെന്നും കൂട്ടിച്ചേര്‍ത്തു.