NATIONAL

"ഇറാനിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങളുണ്ട്"; ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യത്തെ രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രയാസങ്ങൾ നേരിട്ടിരുന്നതായി ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവ് എഎൻഐയോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഇടയിൽ നിന്നും രക്ഷപ്പെട്ട് എത്തുന്ന ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യത്തെ രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ഇറാനിൽ നിന്ന് തിരിച്ചെത്തിയ പൗരന്മാർ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന് നൽകിയ സഹായത്തിന് നന്ദി പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ എത്തിക്കുന്നത് പ്രത്യേക വിമാനങ്ങളിൽ അല്ലെന്നും ഇവ റെഗുലർ വിമാനങ്ങൾ ആണെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രയാസങ്ങൾ നേരിട്ടിരുന്നതായി ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവ് എഎൻഐയോട് പറഞ്ഞു. "വാഹനങ്ങളുമായി പുറത്തിറങ്ങിയപ്പോൾ ചിലർ കാർ തടഞ്ഞുനിർത്തി. അവർ ചെറിയ പ്രയാസങ്ങളൊക്കെ സൃഷ്ടിച്ചിരുന്നു. ഇറാനിൽ ഇൻ്റർനെറ്റ് ഇല്ലാതിരുന്നതിനാൽ എനിക്ക് വീട്ടുകാരെ വിളിക്കാനൊന്നും പറ്റിയിരുന്നില്ല. എംബസിയെ ബന്ധപ്പെടാൻ പോലും പ്രയാസം നേരിട്ടു. വല്ലാത്ത ആശങ്ക തോന്നിയിരുന്നു," യുവാവ് കൂട്ടിച്ചേർത്തു.

ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോൾ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മൊബൈൽ നെറ്റ്‌വർക്ക്, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടെന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറായ വ്യക്തി പറഞ്ഞു. "ഇറാനിലെ ജനങ്ങൾ ആശങ്കയിലായിരുന്നു, ഇപ്പോൾ ടെഹ്റാനിലെ അവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പലയിടത്തും തീ കത്തുന്നുണ്ടായിരുന്നു, പ്രതിഷേധക്കാർ പലരും അപകടകാരികളായിരുന്നു. ഞങ്ങളെ തിരിച്ചെത്തിച്ച ഇന്ത്യൻ ഗവൺമെൻ്റിന് നന്ദി," തിരിച്ചെത്തിയ മറ്റൊരാൾ പറഞ്ഞു.

പ്രതിഷേധങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ ഒരു പ്രക്ഷോഭവും താൻ കണ്ടിട്ടില്ലെന്നും ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഒരു എംബിബിഎസ് വിദ്യാർഥിനി പറഞ്ഞു. ഇറാനിലെ സംഘർഷ സാഹചര്യങ്ങൾ മുൻനിർത്തി അവിടേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇറാനിൽ വ്യോമമേഖല അടച്ചതിനെ തുടർന്ന് ജനുവരി 15ന് വിമാന സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാനായി ഇന്ത്യ വ്യോമ ഗതാഗതം പുനരാരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് ഇറാനിൽ ആഭ്യന്തര സംഘർഷം ഉടലെടുത്തത്. അലി ഖമനേയി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് അവർ ഉയർത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റേയും ഇറാൻ ഭരണാധികാരികളുടേയും വാക്പോരുകൾ തുറന്ന യുദ്ധത്തിലേക്ക് വഴിമാറുമെന്ന പ്രതീതിയും സൃഷ്ടിച്ചിരുന്നു.

നിലവിൽ 800ഓളം പ്രതിഷേധക്കാരുടെ വധശിക്ഷ റദ്ദാക്കിയ ഇറാൻ സർക്കാരിൻ്റെ നടപടിയെ ട്രംപ് പ്രശംസിച്ചിരുന്നു. അതോടെ സംഘർഷാവസ്ഥയ്ക്ക് നേരിയ തോതിൽ അയവ് വന്നിട്ടുണ്ട്. ഇറാനിൽ 9000ത്തോളം ഇന്ത്യക്കാർ താമസിക്കുന്നതിനാൽ കേന്ദ്ര സർക്കാരും സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്.

അടിയന്തര സാഹചര്യത്തില്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇ-മെയിലിലോ cons.tehran@mea.gov.in ബന്ധപ്പെടാവുന്നതാണ് എന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നൽകുന്ന നിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റസിഡൻ്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ മലയാളികൾക്കായി നോര്‍ക്ക റൂട്ട്സും ഹെല്‍പ്പ്ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മലയാളികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശപ്രകാരം നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തിക്കും.

സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളില്‍ 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാവുന്നതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിർദേശം നല്‍കിയിരുന്നു.

SCROLL FOR NEXT