

വാഷിങ്ടൺ: ട്രംപിൻ്റെ ഗ്രീൻലൻഡ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലൻഡും. യുഎസുമായി അടിസ്ഥാനപരമായ അഭിപ്രായ ഭിന്നതയുണ്ടെന്ന് ഡെൻമാർക്ക് വിദേശമന്ത്രി ലാർസ് റാസ്‌മ്യുസൻ പറഞ്ഞു. സമവായത്തിലെത്താൻ ഒരു സംയുക്ത ടാസ്ക് ഫോഴ്‌സ് പരിഗണിക്കാമെന്നും ലാർസ് റാസ്‌മ്യുസൻ അറിയിച്ചു.
അതേസമയം, യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ട്രംപ് തിരിച്ചടിച്ചു. ഗ്രീൻലൻഡിനെ സംരക്ഷിക്കാൻ ഡെൻമാർക്കിനെ ആശ്രയിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ ഗ്രീൻലൻഡ് കൈവശപ്പെടുത്താൻ ശ്രമിച്ചാൽ ഡെൻമാർക്കിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ച പരാജയപ്പെട്ടെങ്കിലും ഗ്രീൻലൻഡ് പിടിച്ചെടുക്കുന്ന കാര്യത്തിൽ ട്രംപ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ബുധനാഴ്ച നേരത്തെ പറഞ്ഞിരുന്നു. ഡെൻമാർക്കിൻ്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കേണ്ടത് അമേരിക്കയ്ക്ക് ആവശ്യമില്ലാത്ത നടപടിയാണെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മ്യുസെൻ പറഞ്ഞു. ഫ്രാൻസ്, ജർമനി, നോർവെ എന്നീ യൂറോപ്യൻ രാജ്യങ്ങളും ഡെന്മാർക്കിന് പിന്തുണയറിയിച്ചിട്ടുണ്ട്.
"ചർച്ചയിൽ അമേരിക്കയുടെ നിലപാട് മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. യുഎസ് പ്രസിഡൻ്റിന് ഗ്രീൻലൻഡ് കീഴടക്കാനുള്ള ആഗ്രഹമുണ്ടെന്ന് വ്യക്തമാണ്. ഇത് ഡെൻമാർക്കിൻ്റെ താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞു," റാസ്‌മ്യുസെൻ പറഞ്ഞു. കോപ്പൻഹേഗൻ നിയന്ത്രിക്കുന്ന ആർട്ടിക് ദ്വീപിൻ്റെ കാര്യത്തിൽ പരസ്പരബഹുമാനത്തിൽ അധിഷ്ഠിതമായൊരു സഹകരണത്തിൽ ഏർപ്പെടാൻ റാസ്‌മ്യുസെൻ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു.
ആർട്ടിക് മേഖലയിൽ റഷ്യയുടേയും ചൈനയുടേയും വർധിച്ചുവരുന്ന സൈനിക കടന്നുകയറ്റം നടക്കുമ്പോൾ ധാതു സമ്പന്നമായ ഈ ദ്വീപിൻ്റെ നിയന്ത്രണം യുഎസ് ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നാണ് ട്രംപിൻ്റെ വാദം. യുഎസ് അങ്ങിനെ ചെയ്തില്ലെങ്കിൽ റഷ്യയോ ചൈനയോ അങ്ങനെ ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സമീപ വർഷങ്ങളിൽ ആർട്ടിക് മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ദ്വീപിന്മേൽ ഇതുവരെ ഇരു രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിട്ടില്ല.