ഹോർമുസ് 
NATIONAL

സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സഞ്ചാര മാർഗം തിരിച്ചറിയാതിരിക്കാൻ ഓട്ടോമേറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റവും ട്രാൻസ്പോണ്ടറുകളും ഓഫ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക് വഴി മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈ തുറമുഖത്തെത്തിയ കപ്പൽ വൈകിട്ട് 6 മണിയോടെയാണ് തീരത്ത് നങ്കൂരമിട്ടത്. 1,35,335 മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. ഇസ്രയേലും യു.എസും ഇറാനെ ആക്രമിച്ചതിനെ തുടർന്ന് സുരക്ഷിതമായ ഗതാഗതം നിലച്ച ജലപാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്.

സൗദി തുറമുഖത്ത് നിന്ന് ക്രൂഡ് ഓയിലുമായി മാർച്ച് ഒന്നിന് യാത്ര തിരിച്ച കപ്പൽ മാർച്ച് എട്ടിന് ഹോർമുസ് വഴി കടന്നു പോയെന്നാണ് മാരിടൈം ഡാറ്റ പറയുന്നത്. ചൈനയിലേക്കുള്ളതൊഴികെ മറ്റെവിടേക്കുമുള്ള കപ്പലുകൾ തങ്ങൾ കടത്തി വിടില്ലെന്ന് ഇറാൻ പറഞ്ഞതോടെയാണ് ഹോർമുസ് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള ചരക്ക് കടത്തും പ്രതിസന്ധിയിലായിരുന്നു.

കപ്പലിൻ്റെ സഞ്ചാര മാർഗം തിരിച്ചറിയാതിരിക്കാൻ ഓട്ടോമേറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റവും ട്രാൻസ്പോണ്ടറുകളും ഓഫ് ചെയ്താണ് കപ്പൽ സഞ്ചരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യക്കാരനായ സുക്ഷന്ത് സിങ് സന്തുവാണ് കപ്പലിൻ്റെ ക്യാപ്റ്റൻ. ജീവനക്കാരിൽ 29 പേർ ഇന്ത്യക്കാരാണ്.

SCROLL FOR NEXT