മഹാരാഷ്ട്ര: നാന്ദേഡ് ദുരഭിമാനക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ദുരഭിമാനക്കൊലയുടെ ഇരയായ കാമുകന്റെ മൃതദേഹം കഴിഞ്ഞ ദിവസം യുവതി 'വിവാഹം' ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലാണ് ഇതര ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകന്റെ മൃതദേഹം 'പ്രതീകാത്മകമായി' വിവാഹം ചെയ്ത പെണ്‍കുട്ടി ഇനി സ്വന്തം വീട്ടില്‍ കഴിയില്ലെന്നും യുവാവിന്റെ വീട്ടില്‍ വിധവയായി ജീവിക്കുമെന്നും തീരുമാനിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പായിരുന്നു 'വിവാഹം'.
നവംബര്‍ 27 നാണ് സാക്ഷാം ഗൗതം ടേറ്റ് (21) എന്ന യുവാവ് കൊല്ലപ്പെട്ടത്. അഞ്ചല്‍ മമിദ്വാര്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയിലുള്ള യുവാവുമായുള്ള പ്രണയം അഞ്ചലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
സാക്ഷാമിനെ ക്രൂരമായാണ് അഞ്ചലിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. യുവാവിനെ മര്‍ദിച്ചതിനു ശേഷം വെടിയുതിര്‍ക്കുകയും കല്ലുകൊണ്ട് തല തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചലിന്റെ മാതാപിതാക്കളും സഹോദരനും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബര്‍ 28 ന് സാക്ഷാമിന്റെ അന്തിമ ചടങ്ങുകള്‍ക്കിടയിലാണ് അഞ്ചല്‍ 'പ്രതീകാത്മകമായി' വിവാഹം ചെയ്തത്. മൃതദേഹത്തില്‍ മഞ്ഞള്‍ പൂശുകയും അഞ്ചല്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
സാക്ഷാമുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇതര ജാതിയില്‍പെട്ട ആളായതിനാല്‍ തന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും അഞ്ചല്‍ പറഞ്ഞു. ഇതിന്റെ പേരിലാണ് സാക്ഷാമിനെ കൊലപ്പെടുത്തിയതെന്നും അഞ്ചല്‍ പറഞ്ഞു. സാക്ഷാമിന്റെ കൊന്ന തന്റെ മാതാപിതാക്കള്‍ക്കും സഹോദരനും വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ കുടുംബത്തിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. നവംബര്‍ 27 ന് അഞ്ചലിന്റെ സഹോദരന്‍ ഹിമേഷ് മമദ്വാറാണ് സാക്ഷാമിനു നേരെ വെടിയുതിര്‍ത്തത്. നിലത്തു വീണ സാക്ഷാമിന്റെ തല ഇഷ്ടിക കൊണ്ട് തകര്‍ത്തു. സംഭവ സ്ഥലത്തു വെച്ചു തന്നെ സാക്ഷാം കൊല്ലപ്പെട്ടു.
സാക്ഷാമിന്റെ അമ്മയുടെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചലിന്റെ മാതാപിതാക്കളായ ഗഞ്ജന്‍ മമിദ്വാര്‍, ജയശ്രീ, സഹോദരന്‍, സഹായികളായ സൊമേഷ് ലാഖെ, വേദാന്ത് കുന്ദേക്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കേസില്‍ പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.