മഴക്കെടുതി Image/ ANI
NATIONAL

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 22 കടന്നു

മിസോറാം,അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മരണസംഖ്യ 22 കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പേമാരിയാണ് റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയിൽ ഇതുവരെ 22 പേരാണ് മരിച്ചത്. 1000ത്തോളം പേരെയാണ് പേമാരു ബാധിച്ചത്.

മിസോറാം,അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ നിരവധി റോഡുകൾ ഒലിച്ച് പോകുകയും, വീടുകൾ തകർന്നതിനാൽ നിരവധി പേരാണ് ഭവനരഹിതരായത്. നിരവധി പേർ ഇത്തരത്തിൽ തകർന്നുവീണ കെട്ടിടത്തിൽ അകപ്പെട്ടതായാണ് സംശയിക്കുന്നത്.

പ്രശ്നബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ ജാഗ്രത പാലിക്കണമെന്നാണ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.

അസമിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് എട്ടുപേരാണ് മരിച്ചത്. 17ഓളം ജില്ലകൾ വെള്ളത്തിനടിയിൽ ആവുകയും, 78,000ത്തോളം ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസ് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഗുവാഹത്തിയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷാപ്രവർത്തകർ താമസസ്ഥാലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

ലഖിംപൂർ ജില്ലയിലെ 41, 600ലധികം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തതതും ലഖിംപൂർ ജില്ലയിലാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്.

മിസോറാമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. സംസ്ഥാനത്തൊട്ടാകെ 147 അപകടങ്ങളിലായി 56 വീടുകൾക്ക് നാശനഷ്ടമുണ്ടായി. അറുപത്തിമൂന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മേഘാലയയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 49 ഗ്രാമങ്ങളിലായി ഏകദേശം 1,100 ഓളം പേർക്ക് മണ്ണിടിച്ചിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം,വൈദ്യുതി തടസങ്ങൾ എന്നിവ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നതായും റിപ്പോർട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സേവനങ്ങൾ സജീവമാണെന്ന് അവർ അറിയിച്ചു.

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഒമ്പത് മരണങ്ങളിൽ മുഖ്യമന്ത്രി പെമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി. ഇവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, രാത്രികാലങ്ങളിലുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്തെ മിക്ക ജലാശയങ്ങളും നിറഞ്ഞൊഴുകുന്നതിനാൽ നദികളുടെയോ അരുവികളുടെയോ അടുത്തേക്ക് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മണിപ്പൂരിൽ തുടർച്ചയായുണ്ടായ മഴ വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കടകളിലേക്കും, വീടുകളിലേക്കും വെള്ളം കയറുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു.

SCROLL FOR NEXT