ഉത്തർപ്രദേശ്: മുസ്ലീം സ്ത്രീയുമായി ഒളിച്ചോടുന്ന ഹിന്ദു പുരുഷന് ജോലി നൽകുമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശിലെ മുൻ ബിജെപി എംഎൽഎ രാഘവേന്ദ്ര സിംഗ്. മുസ്ലീം പെൺകുട്ടിയുമായി ഒളിച്ചോടിയാൽ താൻ വിവാഹം നടത്തി തരാമെന്നും ഒപ്പം ജോലിയും നൽകാമെന്നായിരുന്നു രാഘവേന്ദ്രയുടെ വാഗ്ദാനം. ഹിന്ദുക്കൾക്ക് സംസ്ഥാനത്ത് എന്ത് വേണമെങ്കിലും ഭയമില്ലാതെ ചെയ്യാൻ കഴിയുമെന്നും രാഘവേന്ദ്ര പറഞ്ഞു.
സിദ്ധാർഥ്നഗർ ജില്ലയിലെ ധൻഖർപൂർ രണ്ട് ഹിന്ദു സ്ത്രീകൾ മുസ്ലീം പുരുഷന്മാരെ വിവാഹം ചെയ്യുകയും മതപരിവർത്തനം നടത്തുകയും ചെയ്തതിനെ തുടർന്ന് നടത്തിയ സന്ദർശനത്തിലായിരുന്നു രാഘവേന്ദ്രയുടെ വിവാദ പരാമർശം. രണ്ട് ഹിന്ദു സ്ത്രീകൾക്ക് പകരമായി പത്ത് മുസ്ലീം സ്ത്രീകളെയെങ്കിലും കൊണ്ടു വരണമെന്നും ഇയാൾ പിന്നീട് പുറത്തിറക്കിയ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
പ്രസ്താവന വിവാദമായിട്ടും പിന്നീട് പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുവാൻ രാഘവേന്ദ്ര തയ്യാറായില്ല. ദുമാരിയഗഞ്ച് പ്രദേശം മുമ്പ് ഹിന്ദുക്കൾ ഭീതിയോടെ താമസിച്ചിരുന്ന സ്ഥലമായിരുന്നുവെന്നും പിന്നീട് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമാണ് ഇവിടുത്തെ മുസ്ലീം ഭരണം അവസാനിച്ചതെന്നും രാഘവേന്ദ്ര ആരോപിച്ചു. അവിടുത്തെ ജനങ്ങളോട് ഉണർന്ന് തിരിച്ചടിക്കണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും പരാമർശത്തെ ന്യായീകരിച്ചു കൊണ്ട് രാഘവേന്ദ്ര പറഞ്ഞു.
അതേസമയം, സമാജ്‌വാദി പാർട്ടി രാഘവേന്ദ്രയുടെ വിദ്വേഷ പരാമർശത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത് സാമുദായിക ഐക്യം തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മുസ്ലീങ്ങളെ നിരന്തരം അപമാനിക്കുകയാണെന്നും സമാജ്‌വാദി പാർട്ടി പറഞ്ഞു.വർഗീയ കലാപം സൃഷ്ടിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിതെന്ന് ദുമരിയൻഗഞ്ചിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎ സയാദ ഖാറ്റൂൺ പ്രസ്താവനയെ അപലപിച്ചുകൊണ്ട് പറഞ്ഞു.