NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇനി ചീഫ് സെക്രട്ടറി; ബംഗാളിൽ മനോജ് അഗർവാളിന് പുതിയ പദവി

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്നു മനോജ് അഗർവാൾ

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്നു മനോജ് അഗർവാൾ.

സംസ്ഥാന സർക്കാരിൻ്റെ ഉന്നത ഉദ്യോഗസ്ഥനും, എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിനും മുഖ്യമന്ത്രിയെ ഉപദേശിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായാണ് മനോജ് അഗർവാൾ പ്രവർത്തിക്കുക. ഇദ്ദേഹം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും എസ്ഐഐറിൻ്റെയും കാര്യത്തിൽ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനായിരുന്നു.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ശേഷമാണ് മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ നിയമിച്ചു. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബാല, നേരത്തെ സൗത്ത് 24 പർഗാനാസിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചിരുന്നു.

അതേസമയം, 15 വര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് സുവേന്ദു മുഖ്യമന്ത്രിയായി അധികാരമേറ്റത്. 294 അംഗ നിയമസഭയിൽ 207 സീറ്റ് നേടിയായിരുന്നു ബംഗാളിൽ ബിജെപിയുടെ വിജയം. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, തൃണമൂൽ കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ എത്തിയത്.

2011ല്‍ പശ്ചിമ ബംഗാളില്‍ ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിയെ 15 വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തിക്കുന്നതില്‍ സുവേന്ദു അധികാരി വഹിച്ച പങ്ക് വളരെ വലുതാണ്. അതൊടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിനെ 80 സീറ്റുകളിലേക്ക് ഒതുക്കാനും ബിജെപിക്ക് സാധിച്ചു.

SCROLL FOR NEXT