പാക് ചാരസംഘടന ഐഎസ്ഐക്കായി ഇന്ത്യൻ യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തിരുന്നത് പാക് മുൻ പൊലീസ് ഉദ്യോഗസ്ഥൻ. മുൻ സബ് ഇൻസ്പെക്ടർ നാസിർ ധില്ലണാണ് യൂട്യൂബ് ചാരസംഘത്തിന്റെ തലവനെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടിയിലായ യൂട്യൂബർ ജസ്ബിർ സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴി നൽകിയത്.
പാക് മുൻ പൊലീസ് ഉദ്യോഗസ്ഥൻ നാസിർ ധില്ലണും സുഹൃത്ത് നൗഷാബാ ഷെഹ്സാദുമാണ് ഇന്ത്യൻ യൂട്യൂബർമാരെയും പാക് രഹസ്യാന്വേഷണ സംഘത്തേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണി. നാസിറിന്റെ ട്രാവൽ ഏജൻസിയുടെയും യുട്യൂബ് ചാനലിന്റേയും മറവിലായിരുന്നു നീക്കങ്ങൾ.
പാക് ചാര സംഘടനയായ ഐഎസ്ഐയിൽ 'മാഡം എൻ' എന്ന രഹസ്യപ്പേരിലാണ് നൗഷാബാ ഷെഹ്സാദ് അറിയപ്പെട്ടിരുന്നത്. നാസിറും നൗഷാബയും ചേർന്ന് ഇന്ത്യയിൽ നിന്നുള്ള യുട്യൂബർമാരുമായി ട്രാവൽ ഏജൻസിയുടെയും യൂട്യൂബ് ചാനലിന്റേയും മറവിൽ ബന്ധപ്പെടും. പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ ഡാനിഷുമായി യൂട്യൂബർമാരെ ബന്ധപ്പെടുത്തി ചാരപ്രവർത്തിക്ക് ഉപയോഗിക്കുകയാണ് തുടർനീക്കം.
ഫൈസലബാദ് സ്വദേശിയായ നാസിറിനെ ഇന്ത്യൻ യൂട്യൂബർമാരുമായി ബന്ധപ്പെടാൻ രണ്ട് വർഷം മുൻപാണ് ഐഎസ്ഐ റിക്രൂട്ട് ചെയ്തതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. റിയൽ എസ്റ്റേറ്റ് ബിസിനസും യൂട്യൂബ് ചാനലുമുള്ള നാസിർ ഇന്ത്യക്കാർക്ക് പാകിസ്ഥാൻ സന്ദർശിക്കുന്നതിനുള്ള വിസ നടപടിക്രമങ്ങളടക്കം വിശദീകരിക്കുന്ന വീഡിയോകൾ തുടർച്ചയായി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതുവഴിയാണ് ഇന്ത്യയിലെ ട്രാവൽ യൂട്യൂബർമാരുമായി ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് ട്രാവൽ ഏജൻസി വഴി ഇൻഫ്ലുവൻസേഴ്സിന് വിസ അനുവദിച്ചും ഫൈവ് സ്റ്റാർ ഹോട്ടൽ താമസ സൗകര്യം നൽകിയുമാണ് സ്വാധീനിക്കുന്നത്. പാക് അനുകൂല വീഡിയോകൾ ചെയ്യണമെന്ന് ഇവർ ഇന്ത്യയിൽ നിന്നുള്ള യൂട്യൂബർമാരോട് ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് ജസ്ബിർ സിങ്ങിൻ്റെ മൊഴി. ജ്യോതി മൽഹോത്രയും ഡാനിഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ജാൻ മഹൽ യുട്യൂബ് ചാനൽ ട്രാവൽ വ്ളോഗറായ ജസ്ബിർ സിങ്.
നാസിറിന് പുറമെ ഇന്ത്യൻ യൂട്യൂബർമാരെ വലവിരിച്ചുള്ള ചാരപ്പണിയിൽ കൂടുതൽ പാക് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.