NATIONAL

മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് അന്തരിച്ചു; വിടവാങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ

ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ മുകുള്‍ റോയ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്‍ സുഭ്രാന്‍ഷു റോയ് ആണ് മരണ വിവരം അറിയിച്ചത്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ് വിടവാങ്ങിയത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ സഹമന്ത്രിയായും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായും സേവനമനുഷ്ടിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടിയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനുമായിരുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ അധികാരത്തിലെത്തിയ 2011 തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ മെനഞ്ഞത് മുകുള്‍ റോയിയുടെ നേതൃത്വത്തിലായിരുന്നു.

തൃണമൂല്‍ രൂപീകരിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസ് അംഗമായിരുന്നു. 2017 ല്‍ മമതാ ബാനര്‍ജിയുമായി ഇടഞ്ഞ് തൃണമൂലില്‍ നിന്നും വേര്‍പിരിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ റോയ്, പാര്‍ട്ടിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2021-ല്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍, വൈകാതെ തൃണമൂലില്‍ തിരിച്ചെത്തി. പക്ഷെ, എംഎല്‍എ സ്ഥാനം രാജിവെച്ചില്ല.

SCROLL FOR NEXT