"ഞാൻ ഒരാളെ കൊന്നിട്ടുണ്ട്, അതിൽ കുറ്റബോധമൊന്നുമില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിജ് ഭൂഷൺ സിങ്

ഒരു മുൻ ജനപ്രതിനിധി ദേശീയ മാധ്യമത്തിൽ പരസ്യമായി കൊലപാതകം സമ്മതിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്
ബ്രിജ് ഭൂഷൺ സിംഗ്
ബ്രിജ് ഭൂഷൺ സിംഗ്Source: Files
Published on
Updated on

ന്യൂഡൽഹി: ബിജെപി നേതാവും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ ഒരാളെ വെടിവെച്ചു കൊന്നിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് ബ്രിജ് ഭൂഷൺ തുറന്നുപറഞ്ഞത്. 1990കളിൽ യുപിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ബ്രിജ് ഭൂഷണിൻ്റെ വെളിപ്പെടുത്തൽ.

അഭിമുഖത്തിനിടെ തന്റെ ഭൂതകാലത്തെക്കുറിച്ചും കേസുകളെക്കുറിച്ചും സംസാരിക്കവേയാണ് ബ്രിജ് ഭൂഷൺ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. "ഞാൻ ഒരാളെ കൊന്നിട്ടുണ്ട്, എൻ്റെ സുഹൃത്തിനെ കൊന്നയാളെ ഞാൻ അപ്പോൾ തന്നെ വെടിവെച്ചു കൊന്നു," എന്നായിരുന്നു ബ്രിജ് ഭൂഷൻ്റെ വാക്കുകൾ. തന്റെ അടുത്ത സുഹൃത്തായിരുന്ന രവീന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയ വ്യക്തിയെയാണ് താൻ കൊന്നതെന്നാണ് ബ്രിജ് ഭൂഷൺ അവകാശപ്പെടുന്നത്. ഇതിന് ശിക്ഷ നേരിട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇല്ലെന്നും രണ്ട് ഭാഗത്തുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ശിക്ഷയെന്തിനെന്നും ബ്രിജ് ഭൂഷൺ ചോദിക്കുന്നു. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് ബ്രിജ് ഭൂഷൺ മറുപടി നൽകുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ അഭിമുഖത്തിന്റെ വീഡിയോ വലിയ രീതിയിൽ ചർച്ചയായി മാറുകയാണ്. ഒരു മുൻ ജനപ്രതിനിധി ദേശീയ മാധ്യമത്തിൽ പരസ്യമായി കൊലപാതകം സമ്മതിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഇത്രയും ലാഘവത്തോടെ പറയുന്ന ഒരാൾക്കെതിരെ കർശന നിയമനടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിജ് ഭൂഷൺ സിംഗ്
വെടിയേറ്റിട്ടും തളരാതെ; കിഷ്ത്വാർ ഏറ്റുമുട്ടലിൽ ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി 'ടൈസണ്‍'

നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ബ്രിജ് ഭൂഷൺ, മുൻപ് ടാഡ (TADA) നിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് നേരത്തെ വിവാദനായകനായ വ്യക്തിയാണ് ബ്രിജ് ഭൂഷൺ. താരങ്ങൾ മാസങ്ങളോളം നടത്തിയ സമരത്തിന് പിന്നാലെയാണ് റെസിലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷസ്ഥാനം ബ്രിജ് ഭൂഷണിന് നഷ്ടമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com