NATIONAL

ഭഗല്‍പൂര്‍ പവര്‍ പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍ 62,000 കോടി രൂപയുടെ അഴിമതി, ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രി

ഇത് 62000 കോടി രൂപയുടെ അഴിമതിയാണ്. ഉറപ്പായും സിബിഐ ഇത് അന്വേഷിക്കണമെന്നും ആര്‍.കെ. സിംഗ് ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറിലെ നിതീഷ് കുമാര്‍-എന്‍ഡിഎ സഖ്യ സര്‍ക്കാരിനെതിരെ 62,000 കോടി രൂപയുടെ അഴിമതി ആരോപണവുമായി മുന്‍ കേന്ദ്ര മന്ത്രി ആര്‍.കെ. സിംഗ്. ഭഗല്‍പൂര്‍ പവര്‍പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍ ബിഹാറിന് 62,000 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ വെളിപ്പെടുത്തല്‍.

'ഇത് വലിയ അഴിമതിയാണ്. 25 വര്‍ഷത്തേക്കാണ് അദാനിയുമായി കരാറില്‍ ഒപ്പിട്ടത്. അതില്‍ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 6.075 രൂപ എന്ന നിരക്കിലാണ്. അവര്‍ ഒപ്പിട്ട കരാര്‍ ഇങ്ങനെയാണ്. ഉയര്‍ന്ന നിരക്കില്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ അദാനിക്ക് ധാരാളം പണം നല്‍കിയിട്ടുണ്ട്,' എന്നായിരുന്നു ആര്‍.കെ. സിംഗ് പറഞ്ഞത്.

മൂലധനത്തിന്മേലുള്ള വരുമാനം വെറും 15 ശതമാനം മാത്രമാണ്. അവര്‍ക്ക് അത് ലഭിക്കുമെങ്കിലും സര്‍ക്കാര്‍ അധികം പണം നല്‍കുകയാണ്. ഇത് ആര് വഹിക്കും? പൊതുജനങ്ങളില്‍ നിന്ന് വൈദ്യുതി യൂണിറ്റിന് 1.41 രൂപ ഈടാക്കും. ഇത് 62,000 കോടി രൂപയുടെ അഴിമതിയാണ്. ഉറപ്പായും സിബിഐ ഇത് അന്വേഷിക്കണമെന്നും ആര്‍.കെ. സിംഗ് ആരോപിച്ചിരുന്നു.

എന്നാല്‍ ആര്‍.കെ. സിംഗിന്റെ വാദം വിവാദമായതോടെ എബിപി ന്യൂസ് അഭിമുഖം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും ആര്‍.കെ. സിംഗ് ആരോപണം ആവര്‍ത്തിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാരിനെ താന്‍ ഇക്കാര്യം അറിയിച്ചിരുന്നെന്നും എന്നാല്‍ ഒന്നും പ്രതികരിച്ചില്ലെന്നും ആര്‍.കെ. സിംഗ് പറഞ്ഞിരുന്നു.

'വൈദ്യുതി മന്ത്രിയായിരിക്കെ, ഭഗല്‍പൂരിലെ 2,400 മെഗാവാട്ട് പിര്‍പൈന്തി പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഏകദേശം 24,900 കോടി രൂപ ചെലവു വരുമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്. അതായത് ഒരു മെഗാവാട്ടിന് ഏകദേശം 10 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഒരു മെഗാവാട്ടിന് 15 കോടി രൂപയ്ക്ക് പദ്ധതി അനുവദിച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരത്തെ തീരുമാനിച്ചിരുന്നത് വൈദ്യുതി യൂണിറ്റിന് ഏകദേശം 2.75 രൂപയായിരുന്നെങ്കില്‍ ഒരു മെഗാവാട്ടിന് 15 കോടി രൂപയ്ക്ക് എന്ന നിലയില്‍ പദ്ധതി അനുവദിച്ചതോടെ ഒരു യൂണിറ്റിന് 4.16 രൂപ നിരക്കില്‍ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചു. ഇങ്ങനെ വരുന്നതോടെ പ്രതിവര്‍ഷം അധികമായി നല്‍കേണ്ടി വരുന്നത് 2,500 കോടി രൂപയായിരിക്കും. കരാര്‍ 25 വര്‍ഷത്തേക്കുള്ളതായതിനാല്‍, സംസ്ഥാന ഖജനാവിന് പ്രതീക്ഷിക്കുന്ന നഷ്ടം ഏകദേശം 62,000 കോടി രൂപയാകും.' ആര്‍.കെ. സിംഗ് ആരോപിച്ചു.

താന്‍ ഇത് അറിയിച്ചപ്പോള്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഒന്നും പ്രതികരിച്ചില്ല. തനിക്ക് തെറ്റുപറ്റിയെങ്കില്‍ അവര്‍ എന്നെ തിരുത്തട്ടെ. ഏഴ് വര്‍ഷം ഊര്‍ജമന്ത്രിയായിരുന്ന ആള്‍ എന്ന നിലയ്ക്ക് പറയുകയാണെന്നും ആ പദ്ധതിയ്ക്ക് ഒരു പുനപരിശോധന ആവശ്യമാണെന്നും ആര്‍കെ സിംഗ് പറഞ്ഞു.

ബിഹാര്‍ ഉപമുഖ്യമന്ത്രിക്കും ബിജെപി നേതാവുമായി സാമ്രാട്ട് ചൗധരിയ്ക്കും ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനും വോട്ട് ചെയ്യരുതെന്നും ആര്‍കെ സിങ്ങ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആര്‍കെ സിങ്ങിന്റെ ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ചുകൊണ്ടാണ് അദാനി പവര്‍ രംഗത്തെത്തിയത്. പദ്ധതിയുടെ ചരിത്രത്തേയും ബിഹാര്‍ സര്‍ക്കാരിന്റെ സുതാര്യമായ പ്രക്രിയകളേയും കുറിച്ചുള്ള തെറ്റിദ്ധാരണയാണ് അവ പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

SCROLL FOR NEXT