

ബദൗൺ: ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ ഒരു പള്ളിയിൽ പ്രാർത്ഥന നടത്താനുള്ള സ്ഥലത്തെച്ചൊല്ലി ഉടലെടുത്ത തർക്കത്തെ തുടർന്ന് യുവാവിനെ തൂണിൽ കെട്ടിയിട്ട് തീകൊളുത്തിയതായി റിപ്പോർട്ട്. സഹസ്വാൻ റോഡ് പ്രദേശത്തെ ഒരു പള്ളിക്ക് പുറത്തുവച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവിടെ തർക്കം ഉണ്ടായതിന് ഒരു ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇരുപതുകാരനായ മെഹബൂബ് എന്ന യുവാവാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്ന് യുപി പൊലീസ് അറിയിച്ചു.
ഇസ്ലാം നഗർ പഞ്ചായത്തിലെ മുസ്തഫാബാദിൽ മെഹബൂബും മറ്റു മൂന്ന് പുരുഷന്മാരും പള്ളിക്കുള്ളിൽ എവിടെ പ്രാർത്ഥിക്കണമെന്ന് വാദിച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചത്തെ അഭിപ്രായ വ്യത്യാസം പള്ളിയിലെ മറ്റുള്ളവർ ഇടപെട്ടതിനെ തുടർന്ന് താൽക്കാലികമായി പരിഹരിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച മെഹബൂബ് അതിരാവിലെ പ്രാർത്ഥന നടത്താൻ തിരിച്ചെത്തിയപ്പോൾ തർക്കം വീണ്ടും ആരംഭിച്ചു. പിന്നീട് ഇത് അക്രമാസക്തമായി.
അയാൾ പള്ളിക്ക് പുറത്തേക്ക് വരുമ്പോൾ മൂന്ന് പേർ ചേർന്ന് അയാളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മെഹബൂബിനെ ഒരു കയർ ഉപയോഗിച്ച് ഒരു തൂണിൽ കെട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീപടർന്ന് കയറുകൾ കത്തി നശിച്ചതോടെ മെഹബൂബ് മോചിതനായി. ഗുരുതരമായ പൊള്ളലേറ്റ ഇയാൾ പരിക്കുകളോടെ വീട്ടിലേക്ക് ഓടുകയായിരുന്നു. തുടർന്ന് കുടുംബം ഇയാളെ റുഡയാനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു. പിന്നാലെ ഡോക്ടർമാർ അലിഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഹബൂബിൻ്റെ ആരോഗ്യ നില ഇപ്പോൾ അപകടനില തരണം ചെയ്തതായും മെച്ചപ്പെട്ടെന്നും പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ സംസ്ഥാന അടിയന്തര ഹെൽപ്പ് ലൈൻ വഴിയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് ഹർദേശ് കതേരിയ സ്ഥിരീകരിച്ചു. അതേസമയം, സംഭവത്തിന് തൊട്ടുമുമ്പ് മെഹബൂബ് തന്നെ പെട്രോൾ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും എല്ലാ വശവും പരിശോധിച്ചു വരികയാണെന്നും എസ്‌പി കതേരിയ കൂട്ടിച്ചേർത്തു.