ജമ്മു കശ്മീരിൽ മിന്നൽ പ്രളയം Source; X / ANI
NATIONAL

ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; 10 മരണം, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ 10 പേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്. ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലും ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലുണ്ടായ അപകടത്തിലുമാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചു. പത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല നദികളും കരകവിഞ്ഞൊഴുകുന്നതിനാൽ നദീ തീരത്ത് താമസിക്കുന്നവർക്ക് മാറിത്താമസിക്കാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രളയത്തെതുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിലാണ് ആളപായം ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി.കാംഗ്ര, ചമ്പ, ലാഹൗൾ, സ്പിതി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രവും അതിശക്തവുമായ മഴയ്ക്ക് സാധ്യത കണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന, ഹമീർപൂർ, ബിലാസ്പൂർ, സോളൻ, മാണ്ഡി, കുളു ജില്ലകളിലും ഷിംല നഗരത്തിലും ഓറഞ്ച് അലേർട്ട് ആണ്.

കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോൺ - ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് അറിയിച്ചു. അതീവ ഗുരുതര സാഹചര്യമാണെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചിരുന്നു.

SCROLL FOR NEXT