ദാവോസ്: യുഎസ് അടക്കമുള്ള രാജ്യങ്ങൾ ചുമത്തുന്ന താരിഫുകളെക്കാള്‍ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുക ഇവിടുത്തെ മലിനീകരണമാണെന്ന് ആഗോള സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ലോക സാമ്പത്തിക ഫോറത്തിൻ്റെ ഒരു സെഷനില്‍ ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു മുന്‍ ആഗോള നാണയ നിധി ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീത ഗോപിനാഥ്.
മലിനീകരണം ഇന്ത്യയുടെ സമ്പത്തിനെയും മനുഷ്യജീവനുകളെയും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നും ഇത് അടിയന്തര ശ്രദ്ധ അർഹിക്കുന്ന വിഷയമാണെന്നും അവർ പറഞ്ഞു. ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഡിറ്റർ-ഇൻ-ചീഫുമായ അരൂൺ പുരിയാണ് സെഷൻ നിയന്ത്രിച്ചത്.
സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ചർച്ചകൾ പലപ്പോഴും വ്യാപാരം, താരിഫുകൾ, നിയമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മലിനീകരണത്തിന് അർഹമായ പ്രാധാന്യം ഇത്തരം ചര്‍ച്ചകള്‍ നൽകുന്നില്ലെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു."ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള താരിഫുകളുടെ പ്രത്യാഘാതങ്ങളേക്കാൾ വളരെ വലുതാണ് മലിനീകരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ആഘാതം" ഗീത വ്യക്തമാക്കി.
2022-ൽ പുറത്തിറങ്ങിയ ലോകബാങ്ക് പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 1.7 ദശലക്ഷം മരണങ്ങൾക്ക് മലിനീകരണം കാരണമാകുന്നു എന്നാണ്. ഇത് രാജ്യത്തെ ആകെ മരണങ്ങളുടെ ഏകദേശം 18 ശതമാനത്തോളം വരും. ഈ ജീവഹാനി വലിയൊരു സാമ്പത്തിക ബാധ്യതയായി മാറുന്നുണ്ടെന്നും ഇത് കുടുംബങ്ങളെയും തൊഴിൽ ശക്തിയെയും ദീർഘകാല വികസനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിക്ഷേപകർ ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുമ്പോൾ അവിടുത്തെ പരിസ്ഥിതിയും ആരോഗ്യസാഹചര്യങ്ങളും പ്രധാനമായി പരിഗണിക്കുന്നുണ്ട്. മോശം വായുനിലവാരം നിക്ഷേപകരെ പിന്നോട്ട് വലിക്കാൻ കാരണമായേക്കാം. മലിനീകരണ നിയന്ത്രണം ഇന്ത്യയുടെ പ്രധാന ലക്ഷമായി ആയി ഏറ്റെടുക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നും ഗീത ആവശ്യപ്പെട്ടു.