

ലോക സാമ്പത്തിക ഫോറത്തില്‍ സ്വന്തം 'ബോര്‍ഡ് ഓഫ് പീസ്' അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ഒരു അന്താരാഷ്ട്ര ഭരണസമിതിയായിരുന്നു ബോര്‍ഡ് ഓഫ് പീസ്. 2025 ഒക്ടോബറില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
'ആഗോള സംഘര്‍ഷങ്ങള്‍' പരിഹരിക്കുന്നതിന് എന്ന പേരില്‍ ഈ ബോര്‍ഡ് ഓഫ് പീസ് പിന്നീട് യുഎസ് പ്രസിഡന്റ് അവതരിപ്പിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തില്‍ അവതരിപ്പിച്ച ബോര്‍ഡ് ഓഫ് പീസില്‍ പന്ത്രണ്ടിലധികം രാജ്യങ്ങള്‍ പങ്കാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയ്, ഇന്തോനേഷ്യ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പരാഗ്വേയുടെ യാഥാസ്ഥിതിക പ്രസിഡന്റ് സാന്റിയാഗോ പെന, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയാന്‍, അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, തുർക്കി, സൌദി അറേബ്യ, എന്നിവരടക്കമാണ് ബോര്‍ഡ് ഓഫ് പീസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ബോര്‍ഡ് ഓഫ് പീസില്‍ ഒപ്പുവെച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ 'എല്ലാവരും' ബോര്‍ഡ് ഓഫ് പീസില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളുമായി സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ആയിരിക്കും ബോര്‍ഡിന്റെ ആജീവനാന്ത അധ്യക്ഷന്‍. കൂടാതെ, തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരവും ട്രംപിനായിരിക്കും. ഗാസയ്ക്കു പുറമെ, ലോകത്തിലെ മറ്റ് ഭാഗങ്ങളിലെ സംഘര്‍ഷങ്ങളിലും ഇടപെടാന്‍ ലക്ഷ്യമിട്ടുള്ള ഒരു മിനി-യുഎന്‍ മാതൃകയിലാണ് പീസ് ഓഫ് ബോര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയായിരിക്കും ഉണ്ടാകുക. ബോര്‍ഡില്‍ സ്ഥിരമായ സീറ്റ് ലഭിക്കണമെങ്കില്‍ ഒരു രാജ്യം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) ബോര്‍ഡിന്റെ ഫണ്ടിലേക്ക് നല്‍കണം. ഈ തുക ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ വാദം.